walayar-court

കൊച്ചി : വാളയാർ കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടതിനെതിരെ കൊല്ലപ്പെട്ട പെൺകുട്ടികളുടെ അമ്മ നൽകിയ അപ്പീലുകളിൽ വലിയ മധു, കുട്ടി മധു, ഷിബു, പ്രദീപ്കുമാർ എന്നീ പ്രതികൾക്ക് നോട്ടീസ് നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. പ്രതികളുടെ പീഡനം സഹിക്കാനാവാതെ ഒമ്പതും 13 ഉം വയസുള്ള സഹോദരിമാർ ആത്മഹത്യ ചെയ്തെന്നാണ് കേസ്. അപ്പീലുകൾ വേഗം വാദംകേട്ട് വിധി പറയണമെന്ന് ഇന്നലെ ഹർജി പരിഗണിക്കവെ ഹർജിക്കാരി ആവശ്യപ്പെട്ടു. ഹർജിയുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി വേഗം കേസ് കേൾക്കാനാവുമെന്ന് ഡിവിഷൻ ബെഞ്ചും വ്യക്തമാക്കി. തുടർന്നാണ് പ്രതികൾക്ക് നോട്ടീസ് നൽകാൻ ഉത്തരവിട്ടത്.

13 കാരിയെ 2017 ജനുവരി 13നും ഒമ്പതു വയസുകാരിയെ 2017 മാർച്ച് നാലിനുമാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതികൾ പലപ്പോഴായി പെൺകുട്ടികളെ പീഡിപ്പിച്ചിരുന്നെന്നും ഇതു സഹിക്കാനാവാതെ ആത്മഹത്യ ചെയ്തെന്നുമാണ് കേസ്. പ്രതികൾക്കെതിരെ കുറ്റം തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് വിലയിരുത്തി പാലക്കാട് പോക്‌സോ കോടതി ഇവരെ വെറുതെവിട്ടിരുന്നു. ഇതിനെതിരെയാണ് അമ്മ അപ്പീൽ നൽകിയത്. കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ച് പുനർവിചാരണ നടത്തണമെന്നാണ് അപ്പീലിലെ ആവശ്യം.