• ജില്ലയിലെ പോര് രൂക്ഷം ഗ്രൂപ്പുകൾക്ക് അതീതം
നെടുമ്പാശേരി: ഐ.എൻ.ടി.യു.സി ജില്ലാ ഘടകത്തിൽ പ്രസിഡന്റിനെ ചൊല്ലിയുള്ള തർക്കം മുറുകുന്നു. ഇരുപക്ഷവും വിട്ടുവീഴ്ച്ചക്ക് തയ്യാറല്ല. കൂടുതൽ പേരെ സ്വന്തം പക്ഷത്ത് അണിനിരത്താനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. പതിവ് ഗ്രൂപ്പ് സമവാക്യങ്ങളും ഇപ്പോൾ അപ്രസക്തമായി. ഇരുപക്ഷത്തും എ, ഐ ഗ്രൂപ്പുകാരുണ്ട്.
സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരനെ അനുകൂലിക്കുന്ന ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടിയെ നീക്കി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. ഹരിദാസിന്റെ അനുയായിയായ കെ.എം. ഉമ്മറിനെ പ്രസിഡന്റാക്കാനുള്ള നീക്കമാണ് തർക്കം രൂക്ഷമാക്കിയത്.
ദേശീയ സെക്രട്ടറി കൂടിയായ ഹരിദാസ് പ്രസിഡന്റ് സജ്ജീവ റെഡിയിൽ സമ്മർദ്ദം ചെലുത്തി ഉമ്മറിനെ ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് ശുപാർശ ചെയ്യുന്ന കത്ത് സംസ്ഥാന പ്രസിഡന്റിന് നൽകിയിരുന്നു. സംഘടന തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ തിരഞ്ഞെടുപ്പിലൂടെ പുതിയ ആളെ കണ്ടെത്താമെന്ന നിലപാടിൽ സംസ്ഥാന പ്രസിഡന്റ് കത്ത് അവഗണിച്ചു. ഇതോടെ ജില്ലയിലെ തർക്കം സംസ്ഥാനവും കടന്ന അവസ്ഥയായി.
ഉമ്മർ ജില്ലാ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തെന്നാണ് കെ.പി. ഹരിദാസിനെ അനുകൂലിക്കുന്നവർ അവകാശപ്പെടുന്നത്. ദേശീയ പ്രസിഡന്റിന്റെ അപ്രീതി നേടിയ ആർ. ചന്ദ്രശേഖരന് കഴിഞ്ഞ ദിവസം കാൺപൂരിൽ നടന്ന പ്ലീനറി സമ്മേളനത്തിൽ ദേശീയ വൈസ് പ്രസിഡന്റായിട്ടും സംസാരിക്കാനുള്ള അവസരം നിഷേധിച്ചെന്നും ഇവർ പറയുന്നു.
സമാന്തര കമ്മിറ്റിക്ക് നേതൃത്വം നൽകിയ കെ.പി. ഹരിദാസ് ഉൾപ്പെടെയുള്ളവർക്കെതിരെ നടപടിയെടുക്കുമെന്ന് കഴിഞ്ഞ ദിവസം ചന്ദ്രശേഖരൻ വ്യക്തമാക്കിരുന്നു.