കൊച്ചി : തീരപരിപാലന നിയമം ലംഘിച്ച് മരടിൽ ഫ്ളാറ്റ് നിർമ്മിച്ചുവിറ്റ് തട്ടിപ്പു നടത്തിയെന്ന കേസിൽ പ്രതികളായ ഹോളി ഫെയ്‌ത്ത് ബിൽഡേഴ്സ് ആൻഡ് ഡെവലപ്പേഴ്സ് എം.ഡി സാനി ഫ്രാൻസിസ്, മരട് മുൻ പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് പി.ഇ. ജോസഫ് എന്നിവർ നൽകിയ ജാമ്യാപേക്ഷയിൽ കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു.

മരടിലെ ഹോളിഫെയ‌്ത്ത് ബിൽഡേഴ്സിന്റെതുൾപ്പെടെ അഞ്ച് ഫ്ളാറ്റുകൾ തീരപരിപാലന നിയമം ലംഘിച്ചു നിർമ്മിച്ചെന്ന് വിലയിരുത്തിയ സുപ്രീംകോടതി ഇവ പൊളിച്ചുകളയാൻ ഉത്തരവിട്ടിരുന്നു. തുടർന്നാണ് ഫ്ളാറ്റ് നിർമ്മിച്ചു വിറ്റ് തട്ടിപ്പു നടത്തിയെന്ന പരാതിയിൽ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. മരട് നഗരസഭ മുമ്പ് പഞ്ചായത്തായിരിക്കെ ഫ്ളാറ്റ് നിർമ്മിക്കാൻ അനുമതി നൽകിയതിൽ ക്രമക്കേടുണ്ടെന്ന് കണ്ടെത്തി അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങളും കേസിലുൾപ്പെടുത്തിയിരുന്നു. എന്നാൽ അനധികൃത ഫ്ളാറ്റ് നിർമ്മാണമെന്ന ആരോപണം കമ്പനിക്കെതിരെയാണെന്നും എം.ഡിയായ തനിക്കെതിരെ പരോക്ഷ ബാദ്ധ്യത ചുമത്താനാവില്ലെന്നുമാണ് സാനി ഫ്രാൻസിസിന്റെ ജാമ്യ ഹർജിയിൽ പറയുന്നത്.