പെരുമ്പാവൂർ : ഡോ. വിക്രം സാരാഭായിയുടെ നൂറാം ജന്മവാർഷികത്തോടനുബന്ധിച്ച് പെരുമ്പാവൂർ പ്രഗതി അക്കാഡമിയിൽ 'ഡ്രീം ആൻഡ് ബിയോണ്ട് ' എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ശാസ്ത്രസെമിനാർ ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ. ജി. മാധവൻ നായർ ഉദ്ഘാടനം ചെയ്തു. മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുൾകലാം സ്‌കൂളിൽ നട്ട ഇലഞ്ഞി മരത്തോടുചേർന്നുള്ള ശാസ്ത്രസ്ഥലിൽ പുഷ്പാർച്ചന നടത്തി നൂറുദീപങ്ങൾ തെളിച്ചാണ് സെമിനാറിന് തുടക്കം കുറിച്ചത്.
ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ സയൻസ് ഉച്ചകോടിയിൽ പങ്കെടുത്ത പ്രഗതി അക്കാഡമി വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. കേന്ദ്ര സർക്കാർ പദ്ധതിയായ അടൽ ടിങ്കറിംഗ് ലാബും ഉദ്ഘാടനം ചെയ്തു.
അക്കാഡമി മാനേജിംഗ് ഡയറക്ടർ ഡോ. ഇന്ദിരാ രാജൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സുചിത്ര ഷൈജിനത്, സയൻസ് ക്ലബ് കോ ഓഡിനേറ്റർ ബെറ്റ്സി രാജൻ, പി.ടി.എ പ്രതിനിധി പി. ശരത്, സയൻസ് ക്ലബ് അംബാസിഡർമാരായ ഫെലിക്‌സ് ജോബി, ഹർഷ, ഹൃദ്യ എന്നിവർ സംസാരിച്ചു.