കൊച്ചി: ആദ്യമൊന്ന് പകച്ചെങ്കിലും, ഔഷധഗുണത്തെക്കുറിച്ചറിഞ്ഞപ്പോൾ കായൽമുരിങ്ങ (ഓയിസ്റ്റർ) ജീവനോടെ കഴിക്കാൻ ജനം യാതൊരു മടിയും കാണിച്ചില്ല. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സി.എം.എഫ്.ആർ.ഐ) നടക്കുന്ന ഭക്ഷ്യമത്സ്യകാർഷിക മേളയിൽ രണ്ടാംദിവസം ശ്രദ്ധാകേന്ദ്രമായത് മൂത്തകുന്നം വനിതാ കർഷകസംഘം എത്തിച്ച കായൽ മുരിങ്ങയായിരുന്നു. കൃഷിചെയ്ത് വിളവെടുത്ത മുരിങ്ങ ശാസ്ത്രീയമായി ശുദ്ധീകരണം നടത്തിയാണ് മേളയിലെത്തിച്ചത്.
പാചകം ചെയ്യാതെ തന്നെ കഴിക്കാവുന്ന ഔഷധഗുണമേൻമയ്ക്ക് ആഗോളതലത്തിൽ പേര് കേട്ട ഭക്ഷ്യവിഭവമാണ് ഇത്. ഏറെ ഔഷധമൂല്യമുള്ളതും കുട്ടികളുടെ ബുദ്ധിവളർച്ചയ്ക്ക് ഏറ്റവും ആവശ്യമായ ഒമേഗ3 ഫാറ്റി ആസിഡിനാൽ സമ്പുഷ്ടവുമാണ് കായൽ മുരിങ്ങ. അത്യപൂർവ ധാതുലവണമായ സെലീനിയവും, സിങ്ക്, കാത്സ്യം, അയേൺ, ഫോസ്‌ഫറസ്, സോഡിയം, പൊട്ടാസ്യം, മഗ്‌നീഷ്യം, കോപ്പർ തുടങ്ങിയവയും ഇവയിൽ അടങ്ങിയിട്ടുണ്ട്. ജീവനോടെ കഴിക്കുമ്പോൾ ഇതിന്റെ ഔഷധമൂല്യങ്ങൾ ഒട്ടും നഷ്ടമാകില്ല പഞ്ചനക്ഷത്ര ഹോട്ടലുകളാണ് കായൽമുരിങ്ങയുടെ പ്രധാന ഉപഭോക്താക്കളെന്ന് വനിത കർഷകർ പറയുന്നു. സാധാരണഗതിയിൽ വിപണിയിൽ അത്ര സുലഭമല്ലാത്ത കായൽ മുരിങ്ങ മേളയിൽ ലഭ്യമാണെന്നറിഞ്ഞതോടെ ആവശ്യക്കാർ ഒഴുകിയെത്തി. സി.എം.എഫ്.ആർ.ഐയുടെ മേൽനോട്ടത്തിലാണ് വനിതാ കർഷകസംഘങ്ങൾ മൂത്തകുന്നത്ത് കായൽമുരിങ്ങ കൃഷി ചെയ്യുന്നത്.
ഒലീവ്, ജാതി എന്നിവയുടേതടക്കം വിവിധയിനം തൈകൾ, നാടൻ കപ്പ തുടങ്ങിയവയ്ക്കും ആവശ്യക്കാർ ഏറെയുണ്ടായിരുന്നു. സ്വദേശി ശാസ്ത്രപ്രസ്ഥാനത്തിന്റെ സഹകരണത്തോടെ നടക്കുന്ന മേള ഇന്ന് സമാപിക്കും.