കൊച്ചി: ജില്ലയിലെ സ്‌കൂൾ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന സി.പി.ആർ പരിശീലനപരിപാടിയായ ഹാർട്ട് ബീറ്റ്‌സ് 2019 നെടുമ്പാശേരി സിയാൽ കൺവെൻഷൻ സെന്ററിൽ നടക്കുന്നതിന്റെ ഭാഗമായി നെടുമ്പാശേരിയിൽ ഇന്ന് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ഗതാഗത നിയന്ത്രണം. കാലടി പാലം, നെടുമ്പാശേരി വിമാനത്താവളത്തിന്റെ മുന്നിലുള്ള സർവീസ് റോഡ്, പഴയ റോഡ്, റെയിൽവെ ഓവർ ബ്രിഡ്ജിനു താഴെ എന്നിവിടങ്ങളിൽ പാർക്കിംഗ് നിരോധനമുണ്ട്.
ജില്ലയിലെ 350ൽ പരം സ്‌കൂളുകളിലെ 35000 വിദ്യാർത്ഥികൾക്കാണ് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ അംഗീകരിച്ച സി.പി.ആർ പരിശീലനം നൽകുന്നത്. എയ്ഞ്ചൽസ് ഇന്റർനാഷണൽ ഫൗണ്ടേഷന്റെ സഹകരണത്തോടെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊച്ചി ഘടകം, ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, എറണാകുളം ജില്ലാ ഭരണകൂടം എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി.
കൺവെൻഷൻ സെന്ററിൽ രാവിലെ 9ന് ജസ്റ്റിസ് സി.കെ. അബ്ദുൾ റഹിം ഹാർട്ട് ബീറ്റ്‌സിന്റെ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ചെയർമാനും ജില്ലാ സെഷൻസ് ജഡ്ജിയുമായ ഡോ. കൗസർ എടപ്പാഗത്ത് അദ്ധ്യക്ഷത വഹിക്കും. ഡോ. ജുനൈദ് റഹ്മാൻ പദ്ധതിയുടെ ആശയാവതരണം നടത്തും. കേരളത്തിൽ ആദ്യമായാണ് ഗിന്നസ് ബുക്ക് ഒഫ് റെക്കാഡ്‌സിലും, ബെസ്റ്റ് ഒഫ് ഇന്ത്യ റെക്കോർഡ്‌സിലും ഇടംപിടിക്കുന്ന സി.പി.ആർ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.