കോലഞ്ചേരി: കനാൽ ബണ്ടിൽ നടക്കുന്നതിനിടെ തല കറങ്ങി കനാലിൽ വീണയാളെ ഫയർഫോഴ്സ് രക്ഷിച്ചു. പുത്തൻകുരിശ് വടവുകോടിന് സമീപം കൊല്ലപ്പടിയിൽ ഇന്നലെ രാവിലെ 10 മണിയോടെയാണ് സംഭവം. വലിയ കനാലിന്റെ കൈവരിയായ ചെറിയ കനാലിലേക്കാണ് കൊല്ലപ്പടി മുപ്പിലശേരി ഷിജു (40) തലകറങ്ങി വീണത്. തൊട്ടടുത്തുണ്ടായിരുന്ന മകൻ ഷിജുവിനെ കനാലിൽ നിന്നും ഉയർത്തിയെടുക്കാൻ നോക്കിയെങ്കിലും സാധിച്ചില്ല. തുടർന്ന് പട്ടിമ​റ്റം ഫയർഫോഴ്‌സിൽ വിവരമറിയിച്ചു. ഉടൻതന്നെ അസി. സ്​റ്റേഷൻ ഓഫീസർ കെ. പി മോഹനന്റെ നേതൃത്വത്തിലെത്തിയ സംഘം രക്ഷാ പ്രവർത്തനം നടത്തിയത്. സംഭവസ്ഥലത്തേക്ക് വാഹനം എത്താൻ ബുദ്ധിമുട്ടായതിനാൽ രക്ഷാ പ്രവർത്തന സാമഗ്രികളുമായി ഒരു കിലോമീ​റ്ററോളം നടന്നാണ് സംഭവസ്ഥലത്ത് എത്തിയത്. കനാലിൽ നിന്നും ഷിജുവിനെ പരിക്കുകൾ കൂടാതെ ഉയർത്തിയെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. എ. എസ് സുനിൽ കുമാർ, ബിബിൻ എ. തങ്കപ്പൻ, എൽദോസ് മാത്യു, പി .യു പ്രമോദ് കുമാർ, പോൾ മാത്യു, വി. കെ ബിനിൽ, എം.വി ജോണി എന്നിവരായിരുന്നു രക്ഷാപ്രവർത്തന സംഘം.