ഫോർട്ടുകൊച്ചി: ഫോർട്ടുകൊച്ചി വില്ലേജാഫീസിന് ശാപമോക്ഷമുണ്ടോ? കഴിഞ്ഞ കുറെ വർഷങ്ങളായി ഈ സർക്കാർ ഓഫീസ് ഇടിഞ്ഞ് വീഴാറായ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഓട് മേഞ്ഞ കെട്ടിടത്തിൽ മഴ പെയ്താൽ വെള്ളം പലപ്പോഴും പുറത്ത് പോകാറില്ല.പല ആവശ്യങ്ങൾക്കായി നിരവധി ഉപഭോക്താക്കളാണ് ഇവിടെ എത്തുന്നത്. സമീപത്തെ കൂറ്റൻ മരം ഏത് നിമിഷവും ഒടിഞ്ഞ് ഇതിന് മേൽ വീഴുന്ന സ്ഥിതിയാണ്. കനത്ത കാറ്റിലും മഴയിലും ജീവനക്കാർ സകല ദൈവങ്ങളെയും വിളിച്ചാണ് ഇവിടെ ജോലി ചെയ്യുന്നത്.വില്ലേജ് ഓഫീസറെ കൂടാതെ പത്തോളം ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്.ഭയം മൂലം പലരും സ്ഥലം മാറ്റം വാങ്ങി പോവുകയാണ്. ഒന്നുകിൽ കെട്ടിടം പുതുക്കി പണിയണം. അല്ലാത്ത പക്ഷം ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റണം എന്നാണ് ജീവനക്കാരുടെ ആവശ്യം.വിനോദമേഖലയായ ഫോർട്ട്കൊച്ചിയിൽ പല ആവശ്യങ്ങൾക്കായി വിദേശികൾ ഉൾപ്പടെ നിരവധി സ്വദേശികളും ദിനംപ്രതി എത്താറുണ്ട്. സ്ഥലം എം.എൽ.എ ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്നാണ് ജീവനക്കാരുടെ ആവശ്യം.നിരവധി സർവീസ് സംഘടനകൾക്കും ഇതിനോടകം നിവേദനങ്ങൾ നൽകിയിട്ടുണ്ട്.
അധികാരികൾ മുഖം തിരിഞ്ഞിരിക്കുന്നു
ഇതിന്റെ ഉണങ്ങിയ ചില്ലകൾ മുറിച്ച് മാറ്റണമെങ്കിലും കെട്ടിടം പുതുക്കി പണിയണമെങ്കിലും റവന്യൂ വിഭാഗത്തിന്റെ അനുമതി വേണം. മാറി മാറി വരുന്ന വില്ലേജ് ഓഫീസർ ഇതിനായി നിരവധി വാതിലുകൾ മുട്ടിയെങ്കിലും ഒന്നും തുറന്നില്ല.