കൊച്ചി : പണ്ഡിറ്റ് കറുപ്പൻ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ നടപടി വേണമെന്ന ഹർജിയിൽ ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി കൊച്ചി നഗരസഭയ്ക്ക് നിർദ്ദേശം നൽകി. തേവര സ്വദേശി ജയ് മാത്യു നൽകിയ ഹർജി നവംബർ 25 ന് പരിഗണിക്കാൻ മാറ്റി. വാട്ടർ അതോറിട്ടിയുടെ അമൃത് പദ്ധതിയുടെ ഭാഗമായി പൈപ്പ്ലൈൻ സ്ഥാപിക്കാൻ വെട്ടിപ്പൊളിച്ച റോഡ് പിന്നീടു നന്നാക്കി ഗതാഗതയോഗ്യമാക്കിയില്ലെന്നാണ് ഹർജിക്കാരന്റെ പരാതി.

വെട്ടിപ്പൊളിച്ച പണ്ഡിറ്റ് കറുപ്പൻ റോഡ് പൂർവസ്ഥിതിയിലാക്കാൻ 1.07 കോടി രൂപ നഗരസഭയിൽ കെട്ടിവച്ചിരുന്നെന്ന് ഇന്നലെ വാട്ടർ അതോറിട്ടി അധികൃതർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. കഴിഞ്ഞ ജനുവരിയിൽ തുടങ്ങിയ പദ്ധതി രണ്ടു മാസം കൊണ്ടുപൂർത്തിയാക്കിയെങ്കിലും റോഡ് റീ ടാർ ചെയ്തില്ലെന്ന് ഹർജിയിൽ പറയുന്നു. ദീർഘകാലത്തേക്ക് റോഡ് വെട്ടിപ്പൊളിച്ച നിലയിൽ ഇടാനാവുമോയെന്ന് ഹർജി പരിഗണിക്കവെ സിംഗിൾബെഞ്ച് വാക്കാൽ ചോദിച്ചു. ആളുകളെ നഗരസഭ മന:പൂർവം ബുദ്ധിമുട്ടിക്കുകയാണ്. വാഹനഗതാഗതം സാദ്ധ്യമാകാത്ത തരത്തിൽ വെട്ടിപ്പൊളിച്ച റോഡ് അടച്ചിടുകയല്ലേ വേണ്ടത്? എത്രകാലമായി റോഡ് തകർന്നു കിടക്കുന്നു. ഇതു നന്നാക്കുന്നതിന് വ്യവസ്ഥകളുണ്ടോ ? ഒരു പദ്ധതി നടപ്പാക്കുമ്പോൾ എത്ര സമയത്തിനകം തീർക്കണമെന്ന് നിബന്ധനയുണ്ടോ? ഇതിനായി ആസൂത്രണം ഇല്ലേ - ഹൈക്കോടതി വാക്കാൽ ചോദിച്ചു.