കൊച്ചി: വൈറ്റില അണ്ടർപാസിലൂടെ താത്‌കാലികമായി ബസുകൾ കടത്തിവിടാൻ ജില്ലാ കളക്ടറുടെ അനുമതി.വിദ്യാർത്ഥികൾ ഉൾപ്പെടെ കാൽനട യാത്രക്കാർ കൂടുതലുള്ള നേരങ്ങളിൽ ഇതുവഴി ബസുകൾ കടത്തിവിടുകയില്ല. രാവിലെ 8.30 മുതൽ 10 വരെയും വൈകിട്ട് നാലുമുതൽ 5.30 വരെയുമാണ് നിയന്ത്രണം. ഈ സമയങ്ങളിൽ ബസുകൾ ചളിക്കവട്ടം ചെന്ന് തിരിഞ്ഞുവരണം.
അണ്ടർപാസിന്റെ ഇരുവശങ്ങളിലും പൊലീസിന്റെ സേവനം ഉറപ്പാക്കും. കാൽനട യാത്രക്കാരുടെയും ആംബുലൻസ് ഉൾപ്പെടെ അത്യാവശ്യ യാത്രാക്രമീകരണങ്ങൾ മുഴുവൻ സമയവും പൊലീസ് ഉറപ്പുവരുത്തും.
അണ്ടർപാസ് ഗതാഗതം സംബന്ധിച്ച് ഡെപ്യൂട്ടി കളക്ടർ എസ്. ഷാജഹാന്റെ അദ്ധ്യക്ഷതയിൽ
ചേർന്ന യോഗത്തിൽ പങ്കെടുത്തവരുടെ അഭിപ്രായങ്ങളും പൊലീസിന്റെ നിർദ്ദേശങ്ങളും പരിഗണിച്ചാണ് ജില്ലാ കളക്ടറുടെ നടപടി. നഗരസഭാ കൗൺസിലർ പി.എസ്. ഷൈൻ, ട്രാഫിക് അസി.കമ്മീഷണർ ഫ്രാൻസിസ് ഷെൽബി, വിവിധ ബസ് തൊഴിലാളി സംഘടനാ പ്രതിനിധികൾ, നഗരസഭാ, പി.ഡബ്ല്യൂ.ഡി ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.