കൊച്ചി : ശബരിമല സന്നിധാനത്ത് ദേവസ്വം ഭൂമി കൈയേറി പ്രവർത്തിച്ചിരുന്ന എൻജിനിയേഴ്സ് പിൽഗ്രിം ഷെൽട്ടർ സർക്കാർ ഏറ്റെടുത്തത് ഹൈക്കോടതി ശരിവച്ചു. കെട്ടിടത്തിന്റെ താക്കോൽ ദേവസ്വം ബോർഡിന് ഉടൻ കൈമാറാനും ദേവസ്വം ബെഞ്ച് നിർദ്ദേശിച്ചു.
ഷെൽട്ടറിന്റെ സ്ഥലം സർക്കാർ കൈമാറിയതാണെന്ന് കാട്ടി എൻജിനിയേഴ്സ് പിൽഗ്രിം ഷെൽട്ടർ കമ്മിറ്റിയും പാലക്കാട് സ്വദേശി എ.കെ. അരവിന്ദാക്ഷനും നൽകിയ ഹർജി തള്ളിയാണ് വിധി പറഞ്ഞത്.
1967ൽ ഇതു സംബന്ധിച്ച ഉത്തരവുണ്ടെന്നും 1969 ൽ സർക്കാർ ഇൗ ഭൂമി തങ്ങൾക്കു കൈമാറിയതാണെന്നും എൻജിനിയർമാരിൽ നിന്ന് പണം സംഭാവനയായി വാങ്ങി അനുമതിയോടെ നിർമ്മിച്ചതാണ് കെട്ടിടമെന്നും ഹർജിക്കാർ വാദിച്ചു. എന്നാൽ ഭൂമി സർക്കാർ നൽകിയതാണെന്നതിന് ഹർജിക്കാർ ഹാജരാക്കിയ രേഖകൾ വ്യാജമാണെന്ന് സർക്കാർ വാദിച്ചു. ഈ രേഖകൾ സർക്കാരിന്റെയോ ദേവസ്വം ബോർഡിന്റെയോ പക്കൽ ഇല്ല. ഉത്തരവിലെ നമ്പരിലും കള്ളത്തരമുണ്ട്. പൊതുമരാമത്ത് വകുപ്പ് നിർമ്മിച്ച കെട്ടിടം ചിലർ കൈയടക്കി വച്ചിരിക്കുകയാണെന്നും കെട്ടിടത്തിന്റേതായി ഇവർ ഹാജരാക്കിയ സ്കെച്ചും വ്യാജമാണെന്നും സർക്കാർ അഭിഭാഷകൻ ബോധിപ്പിച്ചു. ഭക്തരിൽ നിന്ന് വൻ തുക ഇവർ പിരിച്ചിട്ടുണ്ട്. ഇങ്ങനെ പണം പിരിക്കാൻ അനുമതിയില്ല. കണക്കുകൾ ആഡിറ്റ് ചെയ്തിട്ടില്ല. ഇവർ തട്ടിയെടുത്ത പണം എത്രയെന്ന് കണക്കാക്കാൻ നടപടികൾ സ്വീകരിച്ചു. സന്നിധാനത്ത് സ്വകാര്യ വ്യക്തികൾക്കോ സംഘടനകൾക്കോ ഭൂമി പതിച്ചു നൽകിയിട്ടില്ലെന്നും സർക്കാർ വ്യക്തമാക്കി. ഇൗ വാദങ്ങൾ കണക്കിലെടുത്താണ് കെട്ടിടം ഏറ്റെടുത്തത് ശരിവച്ചത്.