കൊച്ചി: പ്രശസ്ത ഗായകൻ നരേഷ് അയ്യർ നയിക്കുന്ന സംഗീതമേളയും നൃത്ത, കലാവിരുന്നുകളുമായി മെട്രോ നഗരിക്കിന്ന് കൗമുദി നൈറ്റ്. കേരളകൗമുദി ഫ്ളാഷിന്റെ 15- ാം വാർഷികാഘോഷത്തിന്റെ ഭാഗമായി കേരളകൗമുദി കൊച്ചി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പരിപാടിക്ക് വൈകിട്ട് അഞ്ചരയ്ക്ക് ഡി.എച്ച് ഗ്രൗണ്ടിൽ തുടക്കമാകും.
ഭക്ഷ്യപൊതുവിതരണ മന്ത്രി പി. തിലോത്തമൻ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. കൊച്ചി മേയർ സൗമിനി ജെയിൻ അദ്ധ്യക്ഷത വഹിക്കും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഫ്ളാഷിന്റെ വാർഷികാഘോഷം ഉദ്ഘാടനം ചെയ്യും. ടി.ജെ. വിനോദ് എം.എൽ.എ., ജി.സി.ഡി.എ ചെയർമാൻ വി. സലിം എന്നിവർ മുഖ്യാതിഥികളാകും.
നിരവധി സൂപ്പർഹിറ്റ് ഗാനങ്ങളിലൂടെ ദക്ഷിണേന്ത്യയിൽ ശ്രദ്ധേയനായ ഗായകൻ നരേഷ് അയ്യർ നയിക്കുന്ന സംഗീതസന്ധ്യ ഉൾപ്പെടെ നിരവധി വിനോദപരിപാടികൾ അരങ്ങേറും. പ്രശസ്തമായ ബേക്കറി ജംഗ്ഷൻ ബാൻഡ് യുവാക്കൾക്ക് ഹരമായ ഗാനങ്ങൾ അവതരിപ്പിക്കും. സിനിമാതാരം നൂറിൻ ഷെറീഫും സംഘവും ചടുലതയാർന്ന നൃത്തച്ചുവടുകൾ വയ്ക്കും. ഗിന്നസ് അബീഷ് പി. ഡൊമിനിക്കിന്റെ അഭ്യാസപ്രകടനങ്ങൾ, ആദർശ് കൊല്ലത്തിന്റെ മിമിക്രി എന്നിവ ഉൾപ്പെടെ ഹരം പകരുന്ന കലാപ്രകടനങ്ങൾ ആഘോഷത്തിന് ആവേശം പകരും.
പ്രവേശനം സൗജ്യമാണ്. സീറ്റുകൾക്കുള്ള സൗജന്യ പാസുകൾ എറണാകുളം എം.ജി. റോഡിൽ ചന്ദ്രിക ബിൽഡിംഗിലെ കേരളകൗമുദി ഓഫീസിൽ ലഭിക്കും.