കൊച്ചി: നഗരത്തിലെ റോഡുകളുടെ നിർമ്മാണവും അറ്റകുറ്റപ്പണിയും നടത്തുന്നത് രാത്രിയിലാക്കണമെന്ന് നിർദേശം. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ വിജയ് സാഖറെയുടെ ചേംബറിൽ ചേർന്ന എ.ഡി.എം, കൊച്ചി കോർപ്പറേഷൻ, പൊതുമരാമത്ത്, ദേശീയപാത, ജി.സി.ഡി.എ പ്രതിനിധികളുടെയും എൻജിനിയർമാരുടെയും യോഗത്തിലാണ് നിർദേശം.
രാത്രിയിൽ മാത്രമേ റോഡ് നിർമാണം നടത്താൻ പാടുള്ളുവെന്ന കാര്യം ടെൻഡറിൽ ഉൾപ്പെടുത്തണം. ഇത് യാത്രക്കാരുടെ പ്രയാസങ്ങൾ കുറയ്ക്കും. അടിയന്തര ഘട്ടങ്ങളിൽ മാത്രമേ പകൽ അറ്റകുറ്റപ്പണി നടത്താവൂ. ഒരു മാസത്തിനകം പണികൾ പൂർത്തിയാക്കണമെന്ന ഹൈക്കോടതി നിർദേശമുള്ളതിനാലും രാത്രിയിൽ മഴ പെയ്യാനുള്ള സാദ്ധ്യത കണക്കിലെടുത്തുമാണിത്. യാത്രക്കാരുടെ ക്ലേശങ്ങൾ കുറയ്ക്കുന്നതും സൗകര്യങ്ങൾ ഉറപ്പാക്കുന്നതും പ്രധാനമാണ്. അറ്റകുറ്റപണി ആരംഭിക്കുന്നതിന് 48 മണിക്കൂർ മുമ്പ് ട്രാഫിക് പൊലീസിനെ അറിയിക്കണം. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നിയന്ത്രണം ഏർപ്പെടുത്താനാണിത്. അറ്റകുറ്റപ്പണിയുടെ വിശദാംശങ്ങളും പൊലീസിന് കൈമാറണം. കൃത്യമായ ഗതാഗതപദ്ധതി ആവിഷ്‌കരിക്കാനും നിർമാണ പ്രവൃത്തികൾ സംബന്ധിച്ച് വാർത്താമാദ്ധ്യമങ്ങളിലൂടെ അറിയിപ്പ് നൽകാനും യോഗം നിർദേശിച്ചു.