കൊച്ചി : തീരപരിപാലന നിയമം ലംഘിച്ച് ഫ്ളാറ്റുകൾ നിർമ്മിച്ചുവിറ്റ കേസിൽ ചെലവന്നൂർ ഗോൾഡൻ കായലോരം നിർമ്മാണ സ്ഥാപനത്തിന്റെ ഉടമയും മൂവാറ്റുപുഴ സ്വദേശിയുമായ വി.യു. സിദ്ദിഖ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി. തീരപരിപാലനനിയമം നിലവിൽ വരുന്നതിന് മുമ്പ് 1995 ൽ നിർമ്മാണമാരംഭിച്ച ഫ്ളാറ്റാണിതെന്നും വർഷങ്ങൾക്കു മുമ്പ് വിറ്റഴിച്ച ഫ്ളാറ്റുകളുടെ പേരിൽ അറസ്റ്റ് ചെയ്യാനാണ് വിജിലൻസ് നോക്കുന്നതെന്നും ഹർജിക്കാരൻ ആരോപിക്കുന്നു. ഫ്ളാറ്റുകൾ പൊളിക്കാനുള്ള സുപ്രീംകോടതിയുടെ ഉത്തരവിനെത്തുടർന്ന് ചോദ്യം ചെയ്യലിന് അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകാൻ നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നു.

എന്നാൽ തീരപരിപാലന നിയമം ലംഘിച്ച് കെട്ടിടം നിർമ്മിക്കാൻ ഗൂഢാലോചന നടത്തിയതിൽ ഹർജിക്കാരന് പങ്കുണ്ടെന്ന് വിജിലൻസ് ഹൈക്കോടതിയിൽ വ്യക്തമാക്കി. കേസിലെ യഥാർത്ഥ വസ്തുതകളറിയാൻ ഹർജിക്കാരനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണം. തീരപരിപാലന നിയന്ത്രണ മേഖലയിൽ നിർമ്മാണം നടത്തണമെങ്കിൽ കോസ്റ്റൽ സോൺ റെഗുലേറ്ററി അതോറിറ്റിയുടെ അനുമതി വേണം. ഇതു ഫയലിൽ ഇല്ല. ചെലവന്നൂർ കായലോരത്തെ ഗോൾഡൻ കായലോരം ഉൾപ്പെടെ 13 കെട്ടിട നിർമ്മാണങ്ങൾ അനധികൃതമാണെന്ന് ആരോപിച്ച് ചെലവന്നൂർ സ്വദേശി എ.വി. ആന്റണിയുടെ പരാതിയിൽ വിജിലൻസ് കോടതി ഉത്തരവു പ്രകാരം ത്വരിതാന്വേഷണം നടത്തി ക്രമക്കേടുകൾ കണ്ടെത്തിയിരുന്നെന്നും വിജിൻസ് നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു