കൊച്ചി: ജീവിതശൈലി രോഗങ്ങൾ നഗരവാസികൾക്കിടയിൽ വർദ്ധിക്കുന്നുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ ഭക്ഷണത്തിനൊപ്പം വ്യായാമത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് കൊച്ചിക്കാർ. രാവിലെയോ വൈകിട്ടോ നടക്കാനും ഓടാനും പോകുന്നവരുടെ എണ്ണം കൂടി വരികയാണ്. ഭരണസംവിധാനങ്ങളും നഗരവാസികളുടെ ആരോഗ്യകാര്യത്തിൽ ഒട്ടും പിന്നിലല്ല. നഗരവാസികൾക്കായി പലയിടങ്ങളിലായി ഓപ്പൺ ജിം ആരംഭിക്കുകയാണ് വിവിധ ഭരണ സംവിധാനങ്ങൾ. കൊച്ചി നഗരസഭ തുടക്കമിട്ട സുഭാഷ് പാർക്കിലെ ഓപ്പൺ ജിമ്മിന് പിന്നാലെ ക്യൂൻസ് വേയിൽ പുതിയ ഒരു ജിം പ്രവർത്തനം ആരംഭിക്കാൻ തയ്യാറെടുക്കുകയാണ്. പിന്നാലെ, അതേ ആശയവുമായി എത്തുകയാണ് ജി.സി.ഡി.എയും. ജിമ്മുകളിലെ വിലകൂടിയ ട്രെയിനിംഗിന് കാശ് ചെലവഴിക്കാതെ നടത്തത്തിനൊപ്പം ജിം ഉപകരണങ്ങൾ ഉപയോഗിച്ചുള്ള തുറന്നിടങ്ങളിലെ വ്യായാമം കൊച്ചിക്കാർക്കും "ക്ഷ" പിടിച്ച മട്ടാണ്.

ഓപ്പൺ ജിംനേഷ്യം ഉദ്ഘാടനം ഇന്ന്

ഗോശ്രീ ചാത്യാത്ത് റോഡിലെ ക്വീൻസ് വാക്ക് വേയിലെ ഓപ്പൺ ജിംനേഷ്യം ഇന്ന് വൈകിട്ട് 5ന് ഉദ്ഘാടനം ചെയും. ഹൈബി ഈ‌ഡൻ എം.എൽ.എ ആയിരുന്ന കാലത്ത് പ്രഖ്യാപിച്ച പദ്ധതിയാണിത്. വ്യായാമത്തിനുപയോഗിക്കുന്ന ഏരിയൽ സ്ട്രോളർ, ട്രിപ്പിൾ ട്വിസ്റ്റർ, സൈക്കിൾ, ആബ്സ് ബോർഡ്, ചെസ്റ്റ് പ്രീ, സർഫ് ബോർഡ്, ഹാൻഡ് പവർ തുടങ്ങി പത്തോളം ഉപകരണങ്ങളാണ് ഇവിടെ സജ്ജമാക്കിയിട്ടുള്ളത്. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 54 ലക്ഷം രൂപ ഉപയോഗിച്ചാണ് ജിംനേഷ്യവും ഓപ്പൺ സ്റ്റേജും നിർമ്മിച്ചിരിക്കുന്നത്. രാവിലെയും വൈകിട്ടും ഇവിടെയെത്തുന്ന പ്രഭാതസവാരിക്കാരെ ഉദ്ദേശിച്ചാണ് ഓപ്പൺ ജിംനേഷ്യം ഒരുക്കിയിരിക്കുന്നത്.

ജി.സി.ഡി.എ ഓപ്പൺജിം

വിഭാവന ഘട്ടത്തിൽ

മറൈൻ ഡ്രൈവിലെ വാക്ക് വേയിലോ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിനടുത്തോ ആയിരിക്കും ജി.സി.ഡി.എയുടെ ഓപ്പൺ ജിം തയ്യാറാവുക. പദ്ധതി വിഭാവനഘട്ടത്തിലാണ് ഇപ്പോൾ. ഇത്തവണത്തെ ജി.സി.ഡി.എ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നതാണ് ഈ ഓപ്പൺ ജിംനേഷ്യം. ഉപകരണങ്ങൾ വാങ്ങിക്കാനായി സ്പോൺസർമാരെ അന്വേഷിക്കാനാണ് ആലോചന. മറ്റിടങ്ങളിലെ ഓപ്പൺ ജിം പോലെ സൗജന്യമായിരിക്കും ജി.സി.ഡി.എയുടെ ഓപ്പൺ ജിമ്മും.