മൂവാറ്റുപുഴ :നിറഞ്ഞ സദസിനെ സാക്ഷിയാക്കി കണ്ണുകൾ കൊണ്ട് കഥ പറയുകയാണ് ഓട്ൻതുള്ളൽ മത്സരാർത്ഥികൾ. പച്ചയും വെള്ളയും കറുപ്പും ചായങ്ങൾ പൂശി വേദിയിൽ മത്സരിക്കാനെത്തിയ പത്തു മത്സരാർത്ഥികളും പെൺകുട്ടികൾ ആയിരുന്നുവെന്നത് കൗതുകമുണർത്തി. കിരാതം, സന്താനഗോപാലം, നളചരിതം എന്നീ കഥകളായിരുന്നു വേദിയിൽ അരങ്ങേറിയതിൽ ഏറെയും. കിരാതത്തിലെ അർജുനനെയും കാട്ടാളവേഷമണിഞ്ഞ ശിവനെയും അവതരിപ്പിച്ചവർ കൈയടിനേടി. മൃദംഗത്തിന്റെയും ഇലഞ്ഞിതാളത്തിന്റെയും മേളത്തിനൊപ്പം ചുവടുവച്ചു ഓരോ കലാകാരിയും വേദിയിൽ നിറഞ്ഞുനിന്നു. അല്പം വൈകിയാണ് തുടങ്ങിയതെങ്കിലും മത്സരാർത്ഥികളുടേയും ആവേശം ഒട്ടും ചോർന്നിരുന്നില്ല. കേരളത്തിന്റെ നാടൻ കലാരൂപങ്ങൾ അരങ്ങൊഴിയുന്ന ഈ കാലഘട്ടത്തിൽ തുള്ളൽ മത്സരരംഗം ഏറെ പ്രതീക്ഷകൾ മുന്നോട്ടുവയ്ക്കുന്നു.