കൊച്ചി : കഴിഞ്ഞ മണ്ഡലക്കാലത്ത് അയ്യപ്പ ഭക്തർക്കെതിരെ രജിസ്റ്റർ ചെയ്ത മുഴുവൻ കേസുകളും പിൻവലിക്കണമെന്ന് മുതിർന്ന ബി.ജെ.പി നേതാവ് പി.പി. മുകുന്ദൻ ആവശ്യപ്പെട്ടു. മൂവായിരത്തോളം കേസുകളിൽ 55,650 പേരാണ് പ്രതികൾ. ശബരിമല കർമ്മസമിതി കൺവീനർ എസ്.ജെ.ആർ കുമാർ, രക്ഷാധികാരി കെ.പി. ശശികല എന്നിവർക്കെതിരെ മാത്രം 1,100 കേസുകളെടുത്തു. 220 പേർ 90 ദിവസം വരെ ജയിൽവാസം അനുഷ്ഠിച്ചു. ജാമ്യം ലഭിക്കാൻ മാത്രം 3.5 കോടി രൂപയാണ് കെട്ടിവച്ചത്. നിലയ്ക്കലിൽ പ്രതിഷേധിച്ചവർ 40 ലക്ഷം രൂപ കെട്ടിവച്ചു.

ആചാരസംരക്ഷണത്തിന് സമരം ചെയ്തവരുടെ നിലപാടാണ് ശരിയെന്ന് കോടതിവിധിയിലൂടെ വ്യക്തമായി. യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കേണ്ടെന്ന സർക്കാർ നിലപാട് പ്രക്ഷോഭത്തിൽ പങ്കെടുത്ത ഭക്തരുടെ വിജയമാണ്. വിശ്വാസികൾക്ക് അനുകൂലമായി പ്രശ്നങ്ങളില്ലാത്ത മണ്ഡലകാലം ഒരുക്കാൻ സർക്കാരും ദേവസ്വം ബോർഡും തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.