ആലുവ: റവന്യൂ അധികൃതരുടെ മൗനാനുവാദത്തോടെ എടത്തല പഞ്ചായത്ത് 14 -ാം വാർഡ് കുഴിവേലിപ്പടി തറയിൽപീടിക കവലയിൽ റോഡിന് വടക്ക് ഭാഗത്ത് കെട്ടിടങ്ങളുടെ പിൻഭാഗത്തായി രാത്രിയുടെ മറവിൽ മൂന്ന് ഏക്കറോളം നെൽപ്പാടം അനധികൃതമായി നികത്തുന്നു.
ആലുവ ഈസ്റ്റ് വില്ലേജിൽ ബ്ലോക്ക് 36ൽപ്പെട്ടതാണ് പാടശേഖരം. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി ഇവിടെ പാടം നികത്തുകയാണ്. റവന്യൂ അധികാരികളെ അറിയിച്ചിട്ടും ഒരു അനക്കവും ഇല്ലെന്നാണ് നാട്ടുകാരുടെ പരാതി. പൊലീസും റവന്യൂ അധികാരികളും എല്ലാ ഒത്താശയും ചെയ്യുകയാണെന്നും നാട്ടുകാർ ആരോപിക്കുന്നു. പാടം നികത്തിയ ശേഷം മൂന്ന് സെന്റ് വീതമാക്കി വില്പന നടത്താനാണ് നീക്കം.
തുടർന്ന് വാങ്ങുന്ന വ്യക്തികളുടെ പേരിൽ കെട്ടിട പെർമിറ്റ് വാങ്ങി വീട് വയ്ക്കുന്ന രീതിയാണ് ഇവിടെ നടക്കുന്നത്. എടത്തലയിൽ ഈ രീതി വ്യാപകമാണ്. പഞ്ചായത്തുകളിൽ 10 സെന്റ് വരെ പാടം നികത്തി വീട് വയ്ക്കാൻ അനുമതി കിട്ടും. ഈ ആനുകൂല്യം മുതലെടുക്കുകയാണ് റിയൽ എസ്റ്റേറ്റ് ലോബി. വ്യവസായ - വാണിജ്യ കേന്ദ്രത്തിന് അടുത്തായതിനാൽ സ്ഥലത്തിനും വീടുകൾക്കും ആവശ്യക്കാർ ഏറെയാണ്.
പഞ്ചായത്തിൽ മികച്ച രീതിയിൽ കൃഷി നടത്തിവരുന്ന തേക്കിലക്കാട് പാടശേഖര സമിതിയുടെ പ്രവർത്തന പരിധിയിൽപ്പെട്ട നിലമാണ് ഇപ്പോൾ നികത്തുന്നത്.