കാലടി: പോയ കാലത്തിന്റെ ചില അപൂർവ നിധിശേഖരവുമായി ചെങ്ങൽ സെന്റ്. ജോസഫസ് ഗേൾസ് സ്കൂളിൽ മ്യൂസിയം തുറന്നു. സ്കൂൾ കെട്ടിടത്തിന്റെ പഴയ ഓഫീസ് കെട്ടിടത്തിൽ നിന്ന് കണ്ടെത്തിയ ചില പഴയകാല ഉപകരണങ്ങളും വസ്തുക്കളും ശ്രദ്ധിച്ച ഹെഡ്മിസ്ട്രസ് സിസ്റ്റർ ജസ്മി പുതിയ തലമുറയിലെ കുട്ടികൾക്കായി മ്യൂസിയം ഒരുക്കുകയായിരുന്നു.
പെഡൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഫോൺ, റിംഗ് ഫോൺ, പെൻഡുല നാഴികമണി, മീറ്റർ റേഡിയോ, ഗ്രാമഫോൺ, ടൈപ്പ് റൈറ്റർ മെഷീൻ തുടങ്ങി മദ്ധ്യകാലഘട്ടത്തിലെ ചരിത്രം തിരുത്തിക്കുറിച്ച ഉപകരണങ്ങൾ, മെതിയടി, കോളാമ്പി, എഴുത്തോല, എഴുത്താണി, നാണയങ്ങൾ, ശരറാന്തൽ, ഏർമാട വിളക്ക്, കലപ്പ,
വിവിധ തരം പാത്രങ്ങൾ, കൽഭരണികൾ, ഇടങ്ങഴി, നാഴി, ത്രാസ്, പാനപാത്രം തുടങ്ങിയ നിത്യോപയോഗ വസ്തുക്കളും ചിട്ടയോടെ മ്യൂസിയത്തിൽ ഒരുക്കിയിരിക്കുന്നു. ശതാബ്ദിയുടെ നിറവിൽ നിൽക്കുന്ന സ്കൂളിലെ മ്യൂസിയം ഡി.ഇ.ഒ.സുബിൻ പോൾ ശിശുദിനത്തിൽ ഉദ്ഘാടനം ചെയ്തു. ഒരു മാസത്തോളം മറ്റ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മ്യൂസിയം കാണാൻ അവസരമുണ്ട്. ലോക്കൽ മാനേജർ സിസ്റ്റർ റാണി ഗ്രേയ്സി, സിസ്റ്റർ ബറ്റ്സി, പി.ടി.എ പ്രസിഡന്റ് കെ.എസ്. ദീലിപ് എന്നിവർ നേതൃത്വം നൽകി.