മൂവാറ്റുപുഴ: ഇരുന്നും ചാഞ്ഞും ചരിഞ്ഞും ദഫിന്റെ താളത്തിലലിഞ്ഞു ദഫുമുട്ടു മത്സരവേദി. ആചാരങ്ങളുടെ ഭാഗമായി ഉപയോഗിച്ചിരുന്ന കലാരൂപം ആസ്വാദനത്തിന്റെ പുത്തൻ അനുഭവത്തിലേക്ക് വാതിൽ തുറക്കുന്ന കാഴ്ചയാണ് അഞ്ചാം നമ്പർ വേദിയിൽ കാണാനായത്. ബൈത്തുകളുടെ വ്യത്യസ്തമായ ആലാപന ശൈലികൊണ്ടും ദഫുകളേന്തിയ കൈചലനങ്ങൾ കൊണ്ടും കലയുടെ പുതുമ നിലനിർത്താൻ ഓരോ ടീമിനുമായി. സലാം ചൊല്ലി പതിയെ തുടങ്ങി ക്രമേണ വേഗതകൂടി ദഫുതാളം മുറുകി അള്ളാഹുവിൽ അവസാനിക്കും വരെ ഓരോ മത്സരവും കാണികളെ സദസിൽ പിടിച്ചിരുത്തുന്നു .10 മിനിട്ട് നീണ്ടുനിൽക്കുന്ന മത്സരത്തിൽ മൂന്നു ബൈത്തുകൾ വീതമുൾപ്പെടുത്തിയാണ് ഓരോ ടീമും വേദിയിലെത്തിയത്. കാറ്റഗറി മൂന്നിലും നാലിലുമായി 27 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.