മൂവാറ്റുപുഴ: കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ ഒറ്റയ്ക്ക് താമസിക്കുന്നവരും സാമൂഹ്യമായി പിന്നോക്കാവസ്ഥയിലുള്ളവർക്കുമായി നടപ്പിലാക്കുന്ന സ്‌നേഹിത കോളിംഗ് ബെൽ വാരാചരണം 2019 മൂവാറ്റുപുഴ നിയോജക മണ്ഡലതല ഉദ്ഘാടനം ആവോലി ഗ്രാമപഞ്ചായത്തിലെ ഇട്ടിയക്കാട്ട് മിച്ചഭൂമി കോളനിയൽ താമസിക്കുന്ന മുണ്ടൻചിറ മനു മാത്യുവിന്റെ ഭവന സന്ദർശത്തോടെ എൽദോ എബ്രഹാം എം.എൽ.എ നിർവഹിച്ചു. സൊറിയാസിസ് രോഗബാധിതനായ മനുവിന് ഒരുമാസത്തെ മരുന്നുകൾ നൽകിയാണ് എം.എൽ.എ പദ്ധതിയുടെ ഉദ്ഘാടനം ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ് ജോർഡി.എൻ.വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ടി.എം.ഹാരിസ്, മേരി ബേബി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൽക്കീസ് റഷീദ്, മെമ്പർമാരായ സിനി സത്യൻ, ഗീത ഭാസ്‌കർ, കുടുംബശ്രീ ബ്ലോക്ക് കോഡിനേറ്റർ പി.എസ്.സജിത, അക്കൗണ്ടന്റ് സോവി റോയി, സ്‌നേഹിത സർവീസ് പ്രൊവൈഡർ സ്മിത സന്തോഷ്, ആവോലി പ്രാഥമീക ആരോഗ്യ കേന്ദ്രം ഡോ.പ്രിയ ബൽരാജ്, ഹെൽത്ത് ഇൻസ്‌പെക്ടർ സാബു നിരപ്പത്ത്, സി.ഡി.എസ്.വൈസ് ചെയർപേഴ്‌സൺ സ്മിത വിനു എന്നിവർ പങ്കെടുത്തു.
കുടുംബശ്രീ മിഷന്റെ ജെൻഡർ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് നവംബർ 15 മുതൽ 21 വരെ സ്‌നേഹിത കോളിംഗ് ബെൽ വാരാചരണം നടത്തുന്നത്. സമൂഹത്തിൽ ഒറ്റപ്പെട്ട് താമസിക്കുന്നവരെയും മുതിർന്ന പൗരൻമാരെയും ശ്രദ്ധയും പരിചരണവും നൽകുന്നതിന് പൊതുസമൂഹത്തിന്റെയും വിവിധ സന്നദ്ധ സംഘടനകളുടെയും ജനപ്രതിനിധികളുടെയും സഹകരണവും പിന്തുണയും ഏകോപിപ്പിക്കുന്നതിനാണ് കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ സ്‌നേഹിത കോളിംഗ് ബെൽ വാരാചരണം സംഘടിപ്പിച്ചിരിക്കുന്നതിന്റെ പ്രധാന ഉദ്യേശലക്ഷ്യം.
#പദ്ധതിയുടെ ലക്ഷ്യം
സ്‌നേഹിത കോളിംഗ് ബെൽ പദ്ധതിയിലൂടെ കുടുംബശ്രീയുടെ നേതൃത്വത്തിൽ ഒറ്റപ്പെടുന്നവർക്ക് കരുതലും സാന്തനവുമായി പുതിയ ഒരു സാമൂഹിക മാറ്റത്തിന് പദ്ധതിയിലൂടെ തുടക്കമിടുകയാണ്. മിനി പകൽ വീടുകൾ ഒരുക്കി ഇവർക്കായി കൂട്ടായ്മ സൃഷ്ടിക്കുകയും ചെയ്യുന്നതടക്കമുള്ള സേവനങ്ങളാണ് കുടുംബശ്രീ മിഷൻ സ്‌നേഹിത കോളിംഗ്‌ബെല്ലിലൂടെ നടപ്പാക്കുന്നത്.