മൂവാറ്റുപുഴ: താലൂക്ക് ലാന്റ് അസൈൻമെന്റ് കമ്മിറ്റി ഇന്നലെ ചേർന്ന യോഗത്തിൽ 35അപേക്ഷകൾക്ക് പരിഹാരമായി. മൂവാറ്റുപുഴ മിനി സിവിൽ സ്റ്റേഷൻ കോൺഫ്രൻസ് ഹാളിൽ നടന്ന യോഗത്തിൽ എൽദോ എബ്രഹാം എം.എൽ.എ, അനൂബ് ജേക്കബ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.അരുൺ, നഗരസഭ ചെയർമാൻമാർ, പഞ്ചായത്ത് പ്രസിഡന്റ്മാർ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, ആർ.ഡി.ഒ ആർ.രേണു, തഹസീൽദാർ പി.എസ്.മധുസൂധനൻ, ഡെപ്യൂട്ടി തഹസീൽദാർ ബീന ജോസഫ്,അസൈൻമെന്റ് കമ്മിറ്റി ക്ലർക്ക് ഷീന പി.മാമൻ എന്നിവർ പങ്കെടുത്തു . മൂവാറ്റുപുഴ, പിറവം നിയോജക മണ്ഡലത്തിലായി വ്യാപിച്ച് കിടക്കുന്ന താലൂക്കിന് കീഴിലുള്ള 18വില്ലേജ് ഓഫീസുകളിൽ നിന്ന് പട്ടയത്തിനായി ലഭിച്ച അപേക്ഷകളാണ് ലാന്റ് അസൈൻമെന്റ് യോഗം പരിഗണിച്ചത്. അതാത് വില്ലേജ് ഓഫീസുകളിൽ ലഭിച്ചിരിക്കുന്ന പട്ടയത്തിന്റെ അപേക്ഷകൾ നിയമപരമായ അന്വേഷണങ്ങൾക്ക് ശേഷം 35അപേക്ഷകളാണ് ഇന്നലെ നടന്ന ലാന്റ് അസൈൻമെന്റ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വന്നത്. മുളവൂർ വില്ലേജിൽ നിന്നും രണ്ടും, കല്ലൂർക്കാട് വില്ലേജിൽ നിന്ന് ഒന്നും, മഞ്ഞള്ളൂർ വില്ലേജിൽ നിന്നും മൂന്നും, ഏനാനല്ലൂർ വില്ലേജിൽ നിന്ന് ഒന്നും, മൂവാറ്റുപുഴ വില്ലേജിൽ നിന്നും ഒന്നും, വെള്ളൂർകുന്നം വില്ലേജിൽ നിന്നും നാലും, പിറവം വില്ലേജിൽ നിന്നും ഏഴും അപേക്ഷകൾ കമ്മിറ്റി പരിഗണിച്ച ശേഷം പട്ടയം ലഭ്യമാക്കാനായി ജില്ലാ കളക്ടർക്ക് സമർപ്പിച്ചത്. കൈവശ രേഖയ്ക്കായി സമർപ്പിച്ച ഏനനല്ലൂർ വില്ലേജിൽ നിന്നുള്ള ഒന്നും, മുളവൂർ വില്ലേജിൽ നിന്നുള്ള രണ്ടും, പാലക്കുഴ വില്ലേജിൽ നിന്നുള്ള ഒന്നും, മേമുറി വില്ലേജിൽ നിന്നുള്ള ഒരു അപേക്ഷയും യോഗത്തിൽ തീർപ്പ് കൽപ്പിച്ചു. സിറോ ലാന്റ് പദ്ധതിപ്രകാരം അനുവദിച്ച ഭൂമിയ്ക്ക് പകരം മൂവാറ്റുപുഴ വില്ലേജിലെ രണ്ട് പേർക്ക് പകരം സ്ഥലം കണ്ടെത്തി നൽകി. മൂവാറ്റുപുഴ താലൂക്കിന് കീഴിൽ പട്ടയത്തിനായി അപേക്ഷിച്ചിരിക്കുന്ന അപേക്ഷകളിൽ നിന്നുള്ള 35 അപേക്ഷകളാണ് തീർപ്പാക്കിയത്. വർഷങ്ങളായി താമസിക്കുന്ന ഭൂമിക്ക് പട്ടയമോ, കൈവശരേഖകളോ ഇല്ലാത്തതിനാൽ സർക്കാരിൽ നിന്നുള്ള വീട് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കാനോ മക്കളുടെ വിദ്യാഭ്യാസ വിവാഹക്കാര്യങ്ങൾക്ക് ഉപയോഗപ്പെടുത്താനോ കഴിയാത്ത അവസ്ഥയിലായിരുന്നു. പുതിയ കമ്മിറ്റി ചേർന്ന് നടപടികൾ പൂർത്തിയാക്കി അർഹരായവർക്കുള്ള പട്ടയങ്ങൾ നൽകുന്നതോടെ വർഷങ്ങളായി പട്ടയത്തിനായി കാത്തിരുന്ന കുടുംബങ്ങൾക്ക് ആശ്വാസമായി മാറി.
ബാക്കിയുള്ള അപേക്ഷകൾ മൂന്ന് മാസത്തിനുള്ളിൽ പരിഗണിക്കും