കൊച്ചി: 23-ാമത് ഇന്റർസ്‌കൂൾ ഫുട്‌ബാൾ മത്സരം (സോക്കർ ടോക്) വൈറ്റില ടോക് എച്ച് പബ്ലിക് സ്‌കൂളിൽ തിരി തെളിഞ്ഞു. കാൽപ്പന്തുകളിയിൽ കരുത്തുറ്റ 18 ടീമുകളാണ് മൂന്നു ദിവസം നീണ്ടുനിൽക്കുന്ന മത്സരത്തിൽ മാറ്റുരച്ചത്. രാവിലെ ടോക് എച്ച് ഫുട്‌ബാൾ മൈതാനത്ത് നടന്ന ഉദ്ഘാടന ചടങ്ങിൽ ടോക് എച്ച് പബ്ലിക് സ്‌കൂൾ പ്രസിഡന്റ് ഡോ. അലക്‌സ് മാത്യു പതാകയുയർത്തി. ഡയറക്ടർമാരായ കെ.എ.സൈമൺ, കെ.കെ.മാത്യു എന്നിവർ ചേർന്ന് മത്സരം ക്വിക്ക്-ഓഫ് ചെയ്തു. ടോക് എച്ച് പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ ജുബി പോൾ, വൈസ് പ്രിൻസിപ്പാൾമാരായ മോളി മാത്യു, മീരാ തോമസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
18 ടീമുകളിൽ നിന്ന് ടോക് എച്ച് പബ്ലിക് സ്‌കൂൾ, ഡെൽറ്റ സ്റ്റഡി ഫോർട്ട്‌കൊച്ചി, ശ്രീ നാരായണ വിദ്യാ പീഠം തൃപ്പുണിത്തുറ, ചിൻമയ വിദ്യാലയ തൃപ്പുണിത്തുറ എന്നീ ടീമുകളാണ് സെമിഫൈനലിൽ എത്തിയത്.
ഫൈനൽ മത്സരത്തിൽ അതിഥേയരായ ടോക് എച്ച് ടീമിനെ 2-1 ന് പരാജയപ്പെടുത്തി ശ്രീ നാരായണ വിദ്യാ പീഠം കിരീടം ഉറപ്പിച്ചു. രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം ടോക് എച്ച് പബ്ലിക് സ്‌കൂൾ വൈറ്റിലയും, ഡെൽറ്റ സ്റ്റഡി ഫോർട്ട്‌കൊച്ചിയും പങ്കിട്ടു. സമ്മാനദാന ചടങ്ങിൽ ശ്രീ നാരായണ വിദ്യാ പീഠത്തിന് ഡോ. അലക്‌സ് മാത്യു ട്രോഫിയും സർട്ടിഫിക്കറ്റും നൽകി. ടോക് എച്ച് പബ്ലിക് സ്‌കൂൾ ഡയറക്ടർ കെ.എ.സൈമൺ രണ്ടാം സ്ഥാനക്കാരായ ടോക് എച്ച് പബ്ലിക് സ്‌കൂളിനും ടോക്
എച്ച് പബ്ലിക് സ്‌കൂൾ സെക്രട്ടറി സി.എസ്. വർഗീസ് മൂന്നാം സ്ഥാനക്കാരായ ഡെൽറ്റ സ്റ്റഡി ഫോർട്ട്‌കൊച്ചിക്കും ട്രോഫിയും സർട്ടിഫിക്കറ്റും നൽകി. മനു പി.എം, മൃദുല മേനോൻ, ബിജു എ.വി, ജയപ്രസാദ് എന്നിവരായിരുന്നു മത്സരത്തിന്റെ റഫറികൾ.