കൊച്ചി: കൊച്ചിയിൽ ഇന്നലെ നടന്നത് സംഗീതത്തിന്റെ മാസ്മരികത മാത്രമല്ല, കൗതുകവും സാഹസികതയും ഒരുമിച്ച ആഘോഷരാവ് കൂടിയായിരുന്നു. ശക്തി കൊണ്ട് ഗിന്നസ് അബീഷും ശബ്ദം കൊണ്ട് കൊല്ലം ആദർശും ദർബാർ ഹാൾ മൈതാനിയെ ഇളക്കി മറിച്ചു. ശക്തിയായി കറങ്ങുന്ന ടേബിൾ ഫാനിൽ കൈകൊണ്ട് തട്ടി സംഗീതം തീർത്താണ് അബീഷ് തുടക്കമിട്ടത്. പിന്നീട് അതേ ഫാൻ നാവ് കൊണ്ട് തടഞ്ഞു നിർത്തി. അപ്പോൾ നിലയ്ക്കാത്ത കരഘോഷം. കൈകാലുകൾ കൊണ്ട് കരിക്കുകൾ തച്ചുടച്ചു. വേദിയിൽ നിര നിരയായി വച്ച പൊതിച്ച തേങ്ങകൾ സംഗീതത്തിന്റെ അകമ്പടിയോടെ ഇടിച്ചുടച്ചപ്പോഴും ഐ.എസ്.എ മുദ്ര‌യുള്ള ഹെൽമെറ്റ് രണ്ടായി പിളർത്തിയപ്പോഴും കൗമുദി നൈറ്റ് കാണാനെത്തിയ ആയിരങ്ങൾ എഴുന്നേറ്റ് നിന്ന് കൈയടിച്ചു.
ഒരു മിനിറ്റിൽ 122 തേങ്ങകൾ ഒറ്റക്കൈകൊണ്ട് ഉടച്ചാണ് അബീഷ് ഗിന്നസ് ബുക്കിൽ ഇടംപിടിച്ചത്. 118 തേങ്ങയുടച്ച ജർമൻ സ്വദേശിയുടെ റെക്കാർഡാണ് താരം ഇടിച്ച് പൊളിച്ചത്. മാർഷ്യൽ ആർട്‌സിലും കായിക ഇനങ്ങളിലും വ്യക്തിഗതമായ ഗിന്നസ് റെക്കാഡ് നേടിയ ആദ്യ മലയാളിയാണ് അബീഷ്. ഗിന്നസ് റെക്കാഡ് അടക്കം 15 ലേറെ നേട്ടങ്ങളാണ് പൂഞ്ഞാർ സ്വദേശിയുടെ പേരിലുള്ളത്. മിമിക്രിയിൽ ഡി.ജെ മിക്സിംഗുമായി തകർത്താടുകയായിരുന്നു ആദർശ്. ഇലക്ട്രോണിക് സംഗീതോപകരണങ്ങളും, ഡി.ജെ മിക്‌സുമാണ് ആദർശ് അനുകരിച്ചത്. ഒപ്പം നടന്മാരും രാഷ്ട്രീയ നേതാക്കളും ഡി.ജെ ശബ്ദത്തിലൂടെയെത്തി. ഓരോ പെർഫോമൻസും ആരവങ്ങളോടെ കാണികൾ ഏറ്റുവാങ്ങി. മിന്നും പ്രകടനത്തിന് നിറഞ്ഞ കൈയടിയാണ് കാണികൾ നൽകിയത്..