heartbeats
സി.പി.ആറിനെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധവും പരിശീലനവും നൽകാൻ സംഘടിപ്പിച്ച 'ഹാർട്ട് ബീറ്റ്സ് 2019 ' ന് ഇരട്ട ഗിന്നസ് റെക്കാഡ് ഐ.എം.എ ഭാരവാഹികൾ ഏറ്റുവാങ്ങുന്നു

നെടുമ്പാശേരി: ഹൃദയാഘാതം മൂലമുണ്ടാകുന്ന മരണനിരക്ക് കുറയ്ക്കാനുള്ള ജീവൻരക്ഷാ മാർഗമായ സി.പി.ആറിനെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധവും പരിശീലനവും നൽകാൻ സംഘടിപ്പിച്ച 'ഹാർട്ട് ബീറ്റ്സ് 2019 ' ന് ഇരട്ട ഗിന്നസ് റെക്കാഡ്. എട്ട് മണിക്കൂറിൽ 28,523 പേർ സി.പി.ആർ പരിശീലനം നേടി. ഗിന്നസിന് പുറമെ ബെസ്റ്റ് ഒഫ് ഇന്ത്യ റെക്കാഡിലും ഇടംപിടിച്ചു.

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊച്ചി ഘടകം, ജില്ലാ ഭരണകൂടം, എയ്ഞ്ചൽ ഇന്റർനാഷണൽ ഫൗണ്ടേഷൻ, ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് പരിശീലനം സംഘടിപ്പിച്ചത്.

ജസ്റ്റിസ് സി.കെ. അബ്ദുൾ റഹീം, അൻവൻ സാദത്ത് എം.എൽ.എ എന്നിവർ ഹൃദയത്തിന്റെ മാതൃകയായ മാനിക്യുവിൽ സി.പി.ആർ ചെയ്ത് ഉദ്ഘാടനം ചെയ്തു. കളക്ടർ എസ്. സുഹാസ്, പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്‌ജി കൗസർ എടപ്പഗത്ത്, ഓർഗനൈസിംഗ് കമ്മിറ്റി വൈസ് ചെയർമാർ ഡോ. ജുനൈദ് റഹ്മാൻ, റോജി എം.ജോൺ എം.എൽ.എ, ഐ.എം.എ കേരള ഘടകം പ്രസിഡന്റ് ഡോ. അബ്രഹാം വർഗീസ്, കൊച്ചി ഘടകം പ്രസിഡന്റ് ഡോ. രാജീവ് ജയദേവൻ, ജില്ലാ സബ് ജഡ്‌ജി സലീന വി.ജി നായർ, ഹാർട്ട് ബീറ്റ്സ് കൺവീനർ നജീബ് ഹംസ, കെൽസ മെമ്പർ സെക്രട്ടറി കെ.ടി. നിസാർ അഹമ്മദ്, ഡി.എം.ഒ ഡോ. എൻ.കെ കുട്ടപ്പൻ, മാത്യു നമ്പേലി, റീജിയണൽ ഡയറക്ടർ ഒഫ് എഡ്യൂക്കേഷൻ ശകുന്തളാദേവി എന്നിവർ പങ്കെടുത്തു.
പത്ത് പേരുൾപ്പെട്ട 400 ടീമായി 4000 വിദ്യാർത്ഥികളാണ് ഒരു മണിക്കൂർ വീതം ഓരോ ബാച്ചിലും പങ്കെടുത്തത്. രാവിലെ 9.45 നാരംഭിച്ച ഹാർട്ട് ബീറ്റ്‌സിന് ഡോക്ടർമാരായ സച്ചിൻ വി മേനോൻ, വേണുഗോപാലൻ പി.പി, വി അജിത്ത് എന്നിവർ നേതൃത്വം നൽകി.