കൊച്ചി : ഇരുചക്രവാഹനങ്ങൾ ഒാടിക്കുന്നവരും പിന്നിലിരുന്ന് സഞ്ചരിക്കുന്നവരും ഹെൽമറ്റ് ധരിക്കണം എന്ന വ്യവസ്ഥ ഇളവുചെയ്യാൻ സംസ്ഥാന സർക്കാരിന് കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേന്ദ്രസർക്കാർ മോട്ടോർ വാഹനനിയമത്തിൽ കൊണ്ടുവന്ന ഭേദഗതി കഴിഞ്ഞ ആഗസ്റ്റ് മുതൽ നിലവിലുള്ളതു ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻബെഞ്ച് ഇക്കാര്യം പറഞ്ഞത്.
ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്ന നാലുവയസിനു മുകളിലുള്ള എല്ലാവരും ഹെൽമെറ്റ് ധരിക്കണമെന്നാണ് ഭേദഗതി. പഴയ മോട്ടോർ വാഹന നിയമത്തിലെ 129 -ാം വകുപ്പ് ഹെൽമറ്റിന്റെ കാര്യത്തിൽ ഇളവുനൽകാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരം നൽകിയിരുന്നു. ഇക്കൊല്ലം നിയമം മാറ്റിയതോടെ ഇൗ അധികാരം നഷ്ടപ്പെട്ടു. ഹെൽമറ്റ് ധരിക്കുന്നതിന് പഴയ നിയമപ്രകാരം ഇളവ് അനുവദിച്ച് 2003 ൽ കേരള മോട്ടോർ വാഹന നിയമത്തിൽ ഉൾപ്പെടുത്തിയ 347 എ വകുപ്പ് ഒക്ടോബർ 16 ന് സ്റ്റേ ചെയ്തതും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേരള മോട്ടോർ വാഹന നിയമത്തിലെ ഇൗ വകുപ്പിനെതിരെ ജോർജ് ജോൺ എന്ന വ്യക്തി നൽകിയ ഹർജിയും ഇതു സ്റ്റേ ചെയ്തതിനെതിരെ സർക്കാർ നൽകിയ അപ്പീലുമാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ഹർജിയും അപ്പീലും നവംബർ 19 ന് വീണ്ടും പരിഗണിക്കും.