കൊച്ചി: ഒരു പാട് പുരസ്കാരങ്ങൾ മുമ്പും ലഭിച്ചിട്ടുണ്ടെങ്കിലും ജൻമനാടായ കൊച്ചിയിൽ വച്ച് മന്ത്രി തിലോത്തമന്റെ പക്കൽ നിന്ന് കേരളകൗമുദിയുടെ അവാർഡ് ഏറ്റുവാങ്ങാൻ കഴിഞ്ഞത് ജീവിതത്തിലെ ധന്യനിമിഷമാണെന്ന് നടി തെസ്നിഖാൻ പറഞ്ഞു. അഭിനയജീവിതത്തിൽ 30 വർഷം പിന്നിടുന്നതിനുള്ള ആദരവ് ഏറ്റവാങ്ങിയശേഷം സംസാരിക്കുകയായിരുന്നു താരം. കലാകാരിയാകാൻ തനിക്ക് പ്രചോദനം നൽകിയ മജീഷ്യനായ ബാപ്പ ഈ കാഴ്ച സ്വർഗത്തിലിരുന്ന് കാണുന്നുണ്ടെന്ന് സമാധാനിക്കുകയാണ്. ജീവിതത്തിന്റെ പല കാലങ്ങളിലെ പരിചയക്കാരായിരുന്ന ടി.ജെ.വിനോദും സൗമിനി ജെയിനും ഉള്ള വേദിയിൽ വച്ച് പുരസ്കാരം ലഭിച്ചത് മറ്റൊരു സന്തോഷം. കളമശേരി സെന്റ് പോൾസ് കോളേജിലെ യൂണിയൻ ഭാരവാഹിയായിരുന്ന സമയത്ത് ബാപ്പയ്ക്ക് ധാരാളം പരിപാടികൾ സംഘടിപ്പിച്ചു തന്ന ടി.ജെ വിനോദിന് അവർ നന്ദി പറഞ്ഞു. തേവര കോളേജിലെ യൂണിയൻ പരിപാടിക്കായി നൃത്തം പരിശീലിപ്പിച്ചതാണ് സൗമിനിയുമായുള്ള പരിചയം.

# അംഗീകാരമെന്ന് വിഷ്ണുവിനയ്

അച്ചടി, ദൃശ്യ മാദ്ധ്യമങ്ങളിൽ മാത്രമല്ല സമൂഹമാദ്ധ്യമങ്ങളിലും നിറഞ്ഞുനിൽക്കുന്ന കേരളകൗമുദിയിൽ നിന്ന് പുരസ്കാരം നേടാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ആകാശഗംഗ 2 ലെ നായകനും സംവിധായകൻ വിനയന്റെ മകനുമായ വിഷ്ണു വിനയ് പറഞ്ഞു. സിനിമയിൽ നിന്നുള്ള വിലക്ക് നീങ്ങിയശേഷമുള്ള വിനയന്റെ രണ്ടാമത്തെ ചിത്രമാണ് ആകാശഗംഗ 2 .