കൊച്ചി: കൊച്ചി നഗരത്തെ സംഗീതത്തിൽ ആറാടിച്ച് ബേക്കറി ജംഗ്ഷൻ ബാൻഡ്. കീബോർഡ്, ഗിറ്റാർ, ഡ്രംസ് എന്നീ വാദ്യോപകരണങ്ങളിൽ തീർത്ത ഫ്യൂഷൻ സംഗീതത്തോടെയായിരുന്നു തുടക്കം. ചടുലസംഗീതം കാണികൾ ആസ്വദിക്കവെ ഗജനി സിനിമയിലെ ഒരു മാലൈ ഇളവെയിൽ നേരം പാട്ടോടെ ഗായകൻ സാംസൺ വേദിയിലേക്ക് എത്തി. ഗാനത്തിനൊപ്പം ഇളകാൻ മടിച്ചു നിന്ന സദസിനെ പാട്ടുപാടിയും സംസാരിച്ചും സംഗീതനിശയുടെ മൂഡിലേക്ക് എത്തിക്കുകയായിരുന്നു സാംസൺ ആദ്യം ചെയ്തത്. തുടർന്ന് കാണികളിലെ ആവേശം വാനോളം ഉയർത്തി എ. ആർ റഹ്മാൻ സംഗീതം ചെയ്ത കാതലൻ സിനിമയിലെ ഉർവ്വശി പാട്ട് എത്തി. പിന്നീട് നരേഷ് അയ്യറിനായി വേദി ഒഴിഞ്ഞ ബാൻഡ് നാടൻ പാട്ടോടെയാണ് തിരികെയെത്തിയത്. താരകപ്പെണ്ണാളേ എന്ന നാടൻ പാട്ടിന് ഫ്യൂഷൻ ടച്ച് നൽകി നൃത്തച്ചുവടുകളോടെയാണ് ഗായകരായ അൽസമദും വിഷ്ണു ശിവയും വേദിയിലെത്തിയത്. കൈതോല പായ വിരിച്ച് എന്ന ഗാനം സദസിനിടെയിലേക്കിറങ്ങി പാടിയതോടെ കാണികൾ ഇളകി മറഞ്ഞു. നൂറിൻ ഷെരീഫിന്റെ ഗാനത്തിന് ശേഷം ഗായകൻ സാംസൺ സംഗമം ചിത്രത്തിലെ വരാതെ നദിക്കരയോരം ഗാനത്തിൽ തുടങ്ങി മസ്ത് കലന്തർ ഹിന്ദിഗാനത്തിലൂടെ തിരികെ തമിഴ് ഗാനത്തിലേക്കെത്തി. കാണികൾ ഒപ്പം പാടി. വാദ്യോപകരണങ്ങൾക്കും ഗാനത്തിനും വേഗം കൂടിയതിനൊപ്പം കാണികൾക്ക് ആവേശവുമേറി. മാരി 2വിലെ റൗഡി ബേബി ഗാനമായിരുന്നു ബേക്കറി ജംഗ്ഷൻ ബാൻഡ് അവതരിപ്പിച്ച മറ്റൊരു ഗാനം. ഗായകർ വേദിയിൽ ചുവട് വച്ചപ്പോൾ ഗ്രൗണ്ട് ഇളക്കി മറിക്കുകയായിരുന്നു കാണികൾ.