കൊച്ചി: ഡർബാർ ഹാൾ ഗ്രൗണ്ടിൽ തിങ്ങിനിറഞ്ഞ ജനക്കൂട്ടം ഇളകിമറിഞ്ഞ രാത്രിയാണ് കടന്നുപോയത്. മൂടിക്കെട്ടി നിന്ന അന്തരീക്ഷം പോലും ഒരുവേള മാറിനിന്നു. ആവേശം കൊണ്ട് ആർത്തുവിളിച്ച സദസിന് മുന്നിലേക്ക് എ. ആർ റഹ്മാൻ സംഗീതം നൽകിയ ദിൽസേ രേ എന്ന ഗാനം ആലപിച്ചു കൊണ്ടാണ് യുവതയുടെ ഹരമായ നരേഷ് അയ്യർ വേദിയിലേക്ക് എത്തിയത്. ആ പാട്ടിന്റെ ഹരമേറവെയാണ് കാണികളെ ആവേശത്തിരയിലെത്തിച്ച് റോക്ക് ഓണിലെ ഗാനത്തിലേക്ക് കടന്നത്. സദസ്സിനെ ഇടത്, വലത് ഭാഗങ്ങളാക്കി തന്റെ പാട്ടിനൊപ്പം മത്സരിപ്പിച്ച് സദസിന്റെ ആവേശമളന്നായിരുന്നു അദ്ദേഹത്തിന്റെ പെർഫോമൻസ്. സഹഗായിക അനാമികയോടൊപ്പം തന്റെ മാസ്റ്റർപീസ് ഗാനമായ അഴകിയ തമിഴ് മകൻ ചിത്രത്തിലെ വയലപതി തമിഴേ ഗാനം ആലപിച്ച് ഇടവേളയ്ക്കായി അദ്ദേഹം മടങ്ങി. അതിനിടെ കൊച്ചിയെ പറ്റി ചോദിക്കാൻ അവതാരക മറന്നില്ല. എപ്പോഴെത്തേയും പോലെ സൂപ്പർ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്നാണ് വിവാഹം എന്നാണ് ചോദിച്ച അവതാരകയോട് കുസൃതിയോടെ എപ്പോഴാണോ വിവാഹം അപ്പോഴറിയാം എന്ന് മറുപടി പറയാൻ മറന്നില്ല നരേഷ്.
ഒരിടവേളയ്ക്ക് ശേഷം മലയാളഗാനങ്ങളുമായാണ് നരേഷ് വേദിയിലേക്ക് തിരിച്ചെത്തിയത്. ഫൈനൽസ് എന്ന ചിത്രത്തിൽ താൻ ആലപിച്ച നീ മഴവില്ല് പോലെ എന്ന ഗാനത്തോടെയായിരുന്നു തുടക്കം. പിന്നെ, കാണികളെ നൃത്തച്ചുവട് വയ്പ്പിച്ച് ബാംഗ്ളൂർ ഡേയ്സിലെ തുടക്കം മാംഗല്യം എന്ന ഗാനമെത്തി. ഗുരുതുല്യനായ എ.ആർ റഹ്മാന്റെ ജനപ്രിയഗാനമായ മുമ്പേ വാ എൻ അൻപേ വാ ഗാനം കാണികൾക്കൊപ്പം ആലപിക്കുകയായിരുന്നു പിന്നീട്. അൻവർ ചിത്രത്തിലെ അന്തിവെയിൽ പോലെ ഗാനം ആലപിച്ചു. പുറത്തിറങ്ങാൻ പോകുന്ന ഹാപ്പി സർക്കാർ എന്ന ചിത്രത്തിലെ താൻ ആലപിച്ച ഗാനവും ഡർബാർ ഹാൾ ഗ്രൗണ്ടിലെത്തിയ ആരാധകർക്കായി നരേഷ് അയ്യർ പാടി. ഫാസ്റ്റ് നമ്പറുകൾക്കൊടുവിൽ 1961ൽ പുറത്തിറങ്ങിയ ഹം ദോനോ എന്ന ചിത്രത്തിലെ അഭി ന ജാവോ ജോഡ്കർ എന്ന ഗാനമാണ് നരേഷ് കാണികൾക്കായി അവസാനം ആലപിച്ചത്.