കൊച്ചി: വയലിനിൽ ശ്രുതി ചേർത്ത് ആർ.എൽ.വിയിലെ പ്രിതിഭകളും സംഗീത മഴപെയ്യിച്ച് മഹാരാജാസ് കോളേജിലെ വിദ്യാർത്ഥികളും കൗമുദി നൈറ്റിനെ സംഗീതസാന്ദ്രമാക്കി. ജോൺസന്റെയും മോഹൻ സിത്താരയുടെയും ഈണങ്ങൾ ചേർത്തുള്ളതായിരുന്നു മഹാരാജാസിലെ സംഗീത വിഭാഗം വിദ്യാർത്ഥികളുടെ അവതരണം. അലക്സ്, സുരൂർ, ഐശ്വര്യ, നീരജ്, ശ്രീരഞ്ജിനി, സാറ, എൽദോ, അദ്വൈത് എന്നിവരാണ് സംഗീത പ്രകടനം കാഴ്ച്ച വച്ചത്. ജോൺസൺ മാഷിന്റെ പ്രശസ്തമായ ഗാനങ്ങൾ ചെയിൻ സോങ്ങായി ആലപിച്ചു. ജോൺസൺ മാഷിന്റെ ചിത്രങ്ങൾ വേദിയിലൂടെ മിന്നിമാഞ്ഞു പോവുമ്പോൾ സംഗീതത്തെ സ്നേഹിക്കുന്നവരെ പഴമയിലേക്ക് ആനയിക്കുകയായിരുന്നു ഇവർ. ദേവാങ്കണങ്ങൾ, മനസിൻ മടിയിലെ മാന്തളിരിൽ, അനുരാഗിണി ഇതാ നിൻ, മോഹം കൊണ്ടു ഞാൻ എന്നീ ഗാനങ്ങളാണ് വിദ്യാർത്ഥികൾ ആലപിച്ചത്.
മലയാളികൾ ഭാഷാ ഭേദമന്യേ നെഞ്ചിലേറ്റിയ ഗാനങ്ങളാണ് ആർ.എൽ.വി. വിദ്യാർത്ഥികളുടെ വയലിനുകളിൽ വിസ്മയം തീർത്തത്. സിന്ധു ശിവദാസ്, കാർത്തിക് കെ. ജയൻ, വിശാഖ് ബി, വിഷ്ണുരാജ് എന്നിവരാണ് വേദിയിൽ മാറ്റുരച്ചത്. കേരളക്കരയിൽ ഹിറ്റായി മാറിയ ഇൻകെ ഇൻകെ എന്നു തുടങ്ങുന്ന തെലുങ്ക് ഗാനം ഇവരുടെ തന്ത്രിയിൽ വിരിഞ്ഞു. തമിഴ് മെലഡി പാട്ടുകളും ശ്രുതിയിൽ ചാലിച്ച് പാടിയതോടെ സദസിനെ അക്ഷരാർത്ഥത്തിൽ ഇവർ കൈയിലെടു
ത്തു.