വാഴക്കുളം: ആനുകാലിക വിഷയങ്ങൾ കൊണ്ടു ശ്രദ്ധ നേടി മൈം മത്സരവേദി. വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഓർമകളിൽ തുടങ്ങി നോട്ടു നിരോധനം ,ശബരിമല സ്ത്രീപ്രവേശനം,പള്ളി തർക്കം, ഫുട്ബോൾ, പ്രളയം ,വർഗീയത, പരിസ്ഥിതി സംരക്ഷണം എന്നിങ്ങനെ പോകുന്നു വിഷയങ്ങളുടെ നീണ്ട നിര. പഴയകാല, ആധുനിക പ്രണയങ്ങളും കോർത്തിണക്കി പെട്രോൾ കൊലപാതകങ്ങളുടെ കഥ പറഞ്ഞ കോഴിക്കോട് സിൽവർ ഹിൽസ് സ്കൂളിലെ പെൺകുട്ടികളുടെ മൈം പ്രശംസ പിടിച്ചുപറ്റി. പ്രണയനൈരാശ്യത്തിൽ കാമുകൻ ആത്മഹത്യ ചെയ്യുന്ന കാലഘട്ടത്തിൽ നിന്നും കാമുകിയെ പെട്രോളൊഴിച്ചു ക്രൂരമായി കൊലപ്പെടുത്തുന്ന ഇന്നത്തെ പ്രണയത്തിന്റെ ചിത്രം കാണികൾക്കു മുന്നിൽ മൂകമായവതരിപ്പിച്ചു . ആനുകാലിക വിഷയങ്ങളിൽ മത്സരം മുറുകുമ്പോൾ ചെമ്മീൻ സിനിമ മൈം ആയി വേദിയിലെത്തിയത് സിനിമസ്വാദകരുടെയും മനം കവർന്നു. ബാലഭാസ്കറിന്റെയും മകളുടെയും അപകട മരണം ആസ്പദമാക്കി എത്തിയ മൈമുകൾ സദസിനെ ദുഃഖത്തിലാഴ്ത്തി. ക്യാംപസ് രാഷ്ട്രീയത്തിന്റെ ശരിതെറ്റുകൾ ചൂണ്ടിക്കാണിച്ചും അതിന്റെ പിന്നാമ്പുറ കഥകൾ പറഞ്ഞും തിരുവനന്തപുരം എം. ജി.എം സ്കൂൾ കൈയടി നേടി. 25 ഓളം ടീമുകൾ മാറ്റുരച്ചു.