വാഴക്കുളം: തുടർച്ചയായ നാല് വർഷവും ഭരതനാട്യത്തിൽ സംസ്ഥാനതല ചാമ്പ്യൻ. ഇത്തവണ കലോത്സവവേദിയിൽ അരങ്ങേറ്റം കുറിച്ച കുച്ചിപ്പുടിയിലും ഒന്നാം സ്ഥാനം. ഇങ്ങനെ സന്തോഷക്കൊടുമുടിയിൽ നിൽക്കുമ്പോഴും ലക്ഷ്മണിന്റെ ഏറ്റവും വലിയ ആഗ്രഹം മഞ്ജുവാര്യർക്കൊപ്പം നൃത്തം ചെയ്യണമെന്നാണ്. കാണാനും ആഗ്രഹം അറിയിക്കാനും ശ്രമിച്ചിട്ടുണ്ടെങ്കിലും ഇതുവരേക്കും സാധിച്ചിട്ടില്ലെന്ന് ലക്ഷ്മൺ പറയുന്നു.
കൊല്ലം ജില്ലയിലെ മരുതമൺപള്ളി മാർ ബസേലിയോസ് സെൻട്രൽ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് ലക്ഷ്മൺ രാജ്. കാറ്റഗറി നാല് വിഭാഗത്തിൽ ഭരതനാട്യത്തിനും കുച്ചിപ്പുടിക്കും ഒന്നാം സ്ഥാനവും നാടോടി നൃത്തത്തിന് മൂന്നാം സ്ഥാനവുമുണ്ട്.
നാലാം വയസ് മുതൽ നടക്കൽ സജീവ് നാരായണന്റെ ശിക്ഷണത്തിൽ നൃത്തം പഠിക്കുന്നത്. അച്ഛൻ രാജുവിന്റെ ഉറച്ച പിന്തുണയുമുണ്ട്. ചിലവുകൾ പലപ്പോഴും അലട്ടാറുണ്ടെങ്കിലും മകന്റെ നൃത്തത്തോടുളള താൽപ്പര്യത്തിന് മുന്നിൽ അതൊന്നും തടസമാകാറില്ലെന്ന് രാജു പറയുന്നു.