വൈക്കം: രാജകീയ പ്രൗഢിയിൽ ഇന്ന് മഹാദേവരുടെ എഴുന്നള്ളത്ത്. രാവിലെ ഉഷ:പൂജ, എതൃത്ത പൂജ എന്നിവയ്ക്ക് ശേഷം വൈക്കത്തപ്പന്റെ തിടമ്പ് പുറത്തേക്ക് എഴുന്നള്ളിക്കും. എഴുന്നള്ളിപ്പിന് വലിയ ചട്ടമാണ് ഉപയോഗിക്കുന്നത്. ഗജവീരൻ ചിറയ്ക്കൽ കാളിദാസൻ തിടമ്പേറ്റും. അഷ്ടമി ഉത്സവത്തിലെ പ്രധാന ശ്രീബലിയാണ് പത്താം ഉത്സവ നാളിൽ നടക്കുന്നത്. എഴുന്നള്ളിപ്പിന് പുതുപ്പള്ളി സാധു, തിരുവമ്പാടി കുട്ടിശങ്കരൻ, കുന്നത്തൂർ രാമു, എടക്കളത്തൂർ അർജുൻ, പാറന്നൂർ നന്ദൻ, കുളമാക്കിൽ പാർത്ഥസാരഥി, കുളമാക്കിൽ ഗണേശൻ, ചൂരൂർമഠം രാജശേഖരൻ, ഓമല്ലൂർ ഗോവിന്ദൻകുട്ടി, മച്ചാട് കർണ്ണൻ, ചാമപ്പുഴ ഉണ്ണികൃഷ്ണൻ, പീച്ചിയിൽ ശ്രീമുരുകൻ, ആരാധന ശിവകാശി കണ്ണൻ തുടങ്ങിയ ഗജവീരന്മാരും കെ. എ. വേൽമുരുകൻ, പഴനി ജെ. ശിവസ്വാമി, നങ്കൂർ ഡോ.എൻ. കെ. സെൽവ ഗണപതി, കാവാലം ബി ശ്രീകുമാർ എന്നിവരുടെ നാദസ്വരമേളവും കലാപീഠം അദ്ധ്യാപകരായ അജിത്കുമാർ പത്മകുമാർ, രഘുനാഥ്, ഉണ്ണികൃഷണൻ, അനിൽകുമാർ, കീഴൂർ മധു, വൈക്കം ജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ പഞ്ചവാദ്യവും അകമ്പടിയാവും.