കൊച്ചി: ദേശീയഭക്ഷ്യഭദ്രത നിയമത്തിന്റെ ചുവട് പിടിച്ച് ഇതര സംസ്ഥാന തൊഴിലാളികൾക്കും റേഷൻ വിതരണം ചെയ്യുന്ന നടപടികൾ ആരംഭിക്കുമെന്ന് ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി.തിലോത്തമൻ. ദേശീയഭക്ഷ്യഭദ്രത നിയമം പൂർണമായും നടപ്പിലാക്കുമ്പോൾ ഏറ്റവും വലിയ ഗുണഭോക്താവാകുന്നത് ഇതര സംസ്ഥാന തൊഴിലാളികളാകുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ എറണാകുളം പ്രസ്‌ക്ലബ്ബിൽ സംഘടിപ്പിച്ച ദേശീയഭക്ഷ്യഭദ്രത നിയമം മാദ്ധ്യമ ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വീടുകളിലേക്ക് റേഷൻ എത്തിച്ച് നൽകുന്ന പദ്ധതി ആദിവാസി ഊരുകളിൽ നടപ്പിലാക്കി തുടങ്ങിയിട്ടുണ്ട്. അട്ടപ്പാടി, വയനാട് പോലെ ആദിവാസിസമൂഹം ഏറെയുള്ള പ്രദേശങ്ങളിൽ വൈകാതെ പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി പി.തിലോത്തമൻ പറഞ്ഞു. സംസ്ഥാന ഭക്ഷ്യ കമ്മിഷൻ അംഗം അഡ്വ. ബി രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പട്ടിണിയില്ലാത്ത ലോകമെന്ന കാഴ്ച്ചപ്പാടിൽ ഐക്യരാഷ്ട്ര സഭയിൽ നിന്നാണ് ദേശീയഭക്ഷ്യഭദ്രത നിയമത്തിന്റെ തുടക്കമെന്ന് ബി.രാജേന്ദ്രൻ പറഞ്ഞു. സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെ മേൽനോട്ടത്തിൽ സംസ്ഥാനത്താകെ പരിശോധനകൾ നടത്തുന്നുണ്ടെന്നും ചില സർക്കാർ ഉദ്യോഗസ്ഥർ നീരസത്തോടെയാണ് കമ്മീഷനോട് പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം പ്രസ് ക്ലബ്ബ് പ്രസിഡന്റ് ഫിലിപ്പോസ് മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സപ്ലൈ ഓഫീസർ ജ്യോതി കൃഷ്ണ ബി, പ്രസ് ക്ലബ്ബ് സെക്രട്ടറി പി.ശശികാന്ത് തുടങ്ങിയവർ സംസാരിച്ചു. മീഡിയ അക്കാഡമി സെക്രട്ടറിയായി ചുമതലയേറ്റ ചന്ദ്രഹാസൻ വടുതലയെ ചടങ്ങിൽ മന്ത്രി ആദരിച്ചു. കുന്നത്തുനാട് താലൂക്ക് സപ്ലൈ ഓഫീസർ സഹീർ.ടി വിഷയം അവതരിപ്പിച്ചു. കൊച്ചി താലൂക്ക് സപ്ലൈ ഓഫീസർ ശോഭ.ടി നന്ദി പറഞ്ഞു.