കൊച്ചി: ബി.പി.സി.എല്ലിലേക്ക് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ലോംഗ് മാർച്ച് 25ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കും. ബി.പി.സി.എൽ സ്വകാര്യവത്കരിച്ച് ഇന്ത്യയിലെ പെട്രോൾ മേഖലയുടെ 24 ശതമാനം സ്വകാര്യമേഖലയ്ക്ക് തീറെഴുതാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് മാർച്ച്. പേട്ട ജംഗ്ഷനിൽ നിന്ന് മാർച്ച് ആരംഭിക്കും.
പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റു തുലയ്‌ക്കുന്ന കേന്ദ്ര സർക്കാർ നയത്തിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി കോൺഗ്രസ് നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് മാർച്ചെന്ന് ഡി.സി.സി പ്രസിഡന്റ് ടി.ജെ. വിനോദ് പറഞ്ഞു. ഡി.സി.സി ഓഫീസിൽ ചേർന്ന ജില്ലാ നേതൃയോഗം മുൻ മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് നേതാക്കളായ കെ.വി. തോമസ്, കെ.പി. ധനപാലൻ, വി.പി. സജീന്ദ്രൻ എം എൽ എ, എൻ. വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.