# രണ്ടുമരണം
#അൻപതുപേർക്ക് ഡെങ്കിപ്പനി
തൃക്കാക്കര: ഡെങ്കി ഭീതിയിൽ തൃക്കാക്കര. തൃക്കാക്കര നഗര സഭയിൽ അമ്പതോളം പേർക്ക് ഡെങ്കിപ്പനി ബാധിച്ചതായി പ്രാഥമിക റിപ്പോർട്ട് സ്ഥിതീകരിച്ചു. തൃക്കാക്കര സഹകരണ ആശുപത്രിയിലെ സ്റ്റാഫ് നേഴ്സ് അടക്കം ഏട്ട് പേർക്കാണ് പനി ബാധിച്ചത്. പനി ബാധിച്ചവരുടെ സിറം പരിശോധിച്ചപ്പോളാണ് ഡെങ്കി അണുബാധ ഉള്ളതായി ആരോഗ്യവിഭാഗം വ്യക്തമാക്കിയത്. തൃക്കാക്കരയുടെ വിവിധ പ്രദേശങ്ങളിലായി ഡെങ്കിപ്പനി ബാധിച്ചവരിൽ രണ്ടു പേർ സുഖം പ്രാപിക്കുകയും ഒരു കുട്ടി ഉൾപ്പെടെ രണ്ടു പേർ മരണപ്പെടുകയും ചെയ്തു. സഹകരണാശുപത്രിയിൽ വയറുവേദനയായി അഡ്മിറ്റ് ചെയ്തിരുന്ന അമ്മക്കൊപ്പം ഉണ്ടായിരുന്ന നാല് വയസുള്ള കുട്ടിയാണ് ഡെങ്കിപ്പനി ബാധിച്ച് മരണപ്പെട്ടതെന്ന് പി.എച്ച് സെന്ററിലെ ഹെൽത്ത് ഇൻസ്പെക്ടർമാർ പറഞ്ഞു. തൃക്കാക്കര നഗരസഭയുടെ ഇരുപത്തിയാറാം വാർഡിലാണ് ഏറ്റവും കൂടുതൽ കണ്ടെത്തിയിട്ടുള്ളത്. ഇവിടെ മാത്രം 26 പേർക്ക് ഡെങ്കിപ്പനിയുടെ ലക്ഷണം ഉള്ളതായി അധികൃതർ വ്യക്തമാക്കി.
ഡെങ്കിപ്പനി ബാധിച്ചവർ മറ്റു പല ആശുപത്രിയിലും ചികിത്സയിലാണ്. മറ്റുള്ളവർ വീടുകളിൽ നിരീക്ഷണത്തിലും.
ഡെങ്കിപ്പനി പടരുന്നതിന്റെ ഉത്തരവാദിത്തം ആശാ വർക്കർമാരുടേതാണെന്ന വിധത്തിൽ നഗരസഭകഴിഞ്ഞ ദിവസം വിളിച്ചു ചേർത്ത യോഗത്തിൽ ആശ വർക്കർമാരെ കുറ്റപ്പെടുത്തിയതായി ആക്ഷേപം ഉണ്ട്.പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വീടുകൾ സന്ദർശിക്കുന്ന ആശാവർക്കർമാർക്ക് യാതൊരു സുരക്ഷ സംവിധാനങ്ങളും നൽകാത്തതിലും ആക്ഷേപം ഉണ്ട്.
# കൊതുകകളുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കും
നഗരസഭയുടെ 43 വാർഡുകളിലും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആശാ വർക്കർമാർ, ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവരുടെ യോഗങ്ങൾ ചേർന്ന് ഡെങ്കിപ്പനി പരത്തുന്ന കൊതുകകളുടെ ഉറവിടം ഓരോ വീടുകളിലും കണ്ടെത്തി അവ നശിപ്പിക്കുകയും, പ്രതിരോധ പ്രവർത്തനങ്ങൾക്കും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതായും ജില്ലാ ഹെൽത്ത് അധികതർ അറിയിച്ചു.
# ഉറവിടം ആശുപത്രിയിലെ വൃത്തിയില്ലായിമ്മ
ആശുപത്രി ജീവനക്കാരിൽ ഡെങ്കിപ്പനി ലക്ഷണങ്ങൾ കാണപ്പെട്ടതിന്റ ഉറവിടം കണ്ടെത്താൻ എറണാകുളം ഡി.എം.ഒ.യുടെ നേതൃത്വത്തിൽ ഒരു സംഘം ആരോഗ്യ പ്രവർത്തകർ സഹകരണാശുപത്രി സന്ദർശിച്ചപ്പോൾ ആശുപത്രിയിലെ പുതിയ കെട്ടിടത്തിന്റെ മുകൾ തട്ടിൽ വെള്ളം കെട്ടികിടന്ന് കൊതുക് വളർന്നതാണ് പനിയുടെ കാരണമെന്നാണ് കണ്ടെത്തി. അവിടെ കരി ഓയിൽ ഒഴിച്ച് കൊതുകളെ നശിപ്പിച്ചു.