കൊച്ചി: ചരിത്രത്തിന്റെ വഴികളിലൂടെ എറണാകുളം ഗവ. ഗേൾസ് യു.പി സ്കൂൾ വിദ്യാർത്ഥികളുടെ പര്യടനത്തിന് തുടക്കമായി. പി.ടി.എയുടെ സഹകരണത്തോടെ ആരംഭിച്ച അഞ്ച് അക്കാഡമിക പ്രോജക്ടുകളിൽ ഒന്നാണ് ചരിത്രവഴികൾ തേടി എന്ന പദ്ധതി. ആദ്യ ചരിത്രയാത്രയിൽ ജൂത ശേഷിപ്പുകൾ തേടി മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി എന്നിവിടങ്ങൾ സന്ദർശിച്ചു.
യാത്രയുടെ തുടക്കം കുറിച്ച് മഹാരാജാസ് കോളേജ് ചരിത്ര വിഭാഗം അദ്ധ്യാപകൻ പ്രൊഫ. ഓമൽ അലോഷ്യസ് പതാക വീശി. കൊച്ചി പ്രദേശത്തെ പത്ത് ചരിത്ര സ്ഥലങ്ങൾ പത്തു ഗ്രൂപ്പുകളായി തിരിച്ച് വിദ്യാർത്ഥിനികളും അദ്ധ്യാപകരും രക്ഷാകർത്താക്കളും സന്ദർശിക്കുന്ന പരിപാടിയാണിത്. പ്രധാനപ്പെട്ടയിടങ്ങളിൽ ചരിത്രപണ്ഡിതരുമായി സംവദിച്ച് പിന്നീടവ സ്കൂളിൽ അവതരിപ്പിക്കും.
സ്കൂൾ ഹെഡ്മാസ്റ്റർ ടി.വി. പീറ്റർ, പി.ടി.എ. പ്രസിഡന്റ് ഡോ.സുമി ജോയി ഓലിയപ്പുറം, പി.ടി.എ. വൈസ് പ്രസിഡന്റ് ഷീബൻ കെ.വി, പ്രോജക്ട് കോ-ഓർഡിനേറ്റർ സന്തോഷ് എൻ.കെ എന്നിവർ പങ്കെടുത്തു. വിപ്ലവ വീട്ടിലേയ്ക്ക്, മുസിരിസ് പൈതൃകം തേടി, ജൂത ശേഷിപ്പുകൾ തേടി, ദളവാക്കളക്കരയിലേയ്ക്ക്, ഐക്യകേരള തമ്പുരാന്റെ കൊട്ടാരത്തിലേയ്ക്ക്, ജൈനക്കോട്ട പൈത്യകാന്വേഷണം, കാക്കര നാട്ടിലേയ്ക്ക്, പെരിയാർ പൈത്യക യാത്ര, മഹോദയപുരം വഞ്ചിയാത്ര എന്നിവയാണ് പദ്ധതിയിലെ യാത്രകൾ.