വൈപ്പിൻ: ഞാറയ്ക്കൽ സർവീസ് സഹകരണ ബാങ്കിൽ രണ്ട് പ്യൂൺ തസ്തികകളിൽ നിയമനം നടത്തുന്നതു സംബന്ധിച്ച് ഭരണസമിതിയിലുണ്ടായ തർക്കം രൂക്ഷമായി തുടരുന്നു. ഏറ്റവും ഒടുവിൽ പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ബോർഡ് യോഗം തീരുമാനങ്ങളെടുക്കാതെ പിരിയുകയായിരുന്നു. തുടർന്ന് മൂന്നാഴ്ചയോളം ബോർഡ് യോഗം കൂടിയില്ല. അംഗങ്ങളുടെ വായ്പാ അപേക്ഷകളിൽ തീരുമാനമെടുക്കാനും കഴിഞ്ഞില്ല. കഴിഞ്ഞ ദിവസം പ്രസിഡന്റിനെ കൂടാതെ ബോർഡ് യോഗം കൂടി വായ്പാഅപേക്ഷകൾ പാസാക്കി.
രണ്ട് പ്യൂൺ തസ്തികകളിൽ ഒന്നു വീതം പ്രസിഡന്റ് ഗ്രൂപ്പിന് വീതം വെച്ചിരുന്നു. മൂന്നാമത് ഒരു നിയമനം കൂടി വരുന്നത് ആർക്കെന്നതിനെച്ചൊല്ലിയാണ് അഭിപ്രായ വ്യത്യാസം.. പ്രസിഡന്റിനെതിരെയുള്ള അവിശ്വാസത്തിന് ചില അംഗങ്ങൾ നോട്ടീസ് നൽകിയിട്ടുണ്ട്.