cial-

നെടുമ്പാശേരി: 150 കോടി രൂപ ചെലവിൽ കൊച്ചി വിമാനത്താവളത്തിന്റെ റൺവേ നവീകരണ പദ്ധതി നാളെയാരംഭിക്കും. മാർച്ച് 28 വരെ പകൽ വിമാനസർവീസുകൾ ഉണ്ടാകില്ല. ദിവസവും രാവിലെ പത്തിന് റൺവേ അടച്ച് വൈകിട്ട് ആറിന് തുറക്കും.

ഭൂരിഭാഗം സർവീസുകളും വൈകിട്ട് ആറ് മുതൽ രാവിലെ 10 വരെയാക്കി പുന:ക്രമീകരിച്ചതിനാൽ അഞ്ചെണ്ണം മാത്രമാണ് റദ്ദുചെയ്യപ്പെട്ടത്.

സ്‌പൈസ് ജെറ്റിന്റെ മാലദ്വീപ് സർവീസ് മാത്രമാണ് രാജ്യാന്തര വിഭാഗത്തിൽ റദ്ദാക്കിയത്. വിവിധ എയർലൈനുകളുടെ അഹമ്മദാബാദ്, ഡൽഹി, ചെന്നൈ, മൈസൂർ എന്നിവിടങ്ങളിലേയ്ക്കുള്ള ഓരോ സർവീസുകളും റദ്ദാക്കപ്പെട്ടു.

അതേസമയം, ഒക്ടോബർ അവസാനവാരം നടപ്പിലായിത്തുടങ്ങിയ ശീതകാല സമയപ്പട്ടികയിൽ നിരവധി സർവീസുകൾ കൂട്ടിച്ചേർക്കപ്പെട്ടിട്ടുമുണ്ട്.

# ചെക്ക്-ഇൻ സമയം വർദ്ധിപ്പിച്ചു

ചെക്ക്-ഇൻ സമയം വർദ്ധിപ്പിച്ചിട്ടുണ്ട്. ആഭ്യന്തര യാത്രക്കാർക്ക് മൂന്നു മണിക്കൂർ മുമ്പ് ചെക്ക്-ഇൻ നടത്താം. രാജ്യാന്തര യാത്രക്കാർക്ക് നാല് മണിക്കൂർ മുമ്പും. 100 സുരക്ഷാഭടൻമാരെ കൂടി സി.ഐ.എസ്.എഫ് അനുവദിച്ചു. ഇതോടെ സിയാലിലെ സി.ഐ.എസ്.എഫ് അംഗബലം 950 ആയി ഉയർന്നു. വരുന്ന ആഴ്ചകളിൽ 400 പേർ കൂടി എത്തും.

കൊച്ചി വിമാനത്താവളത്തിൽ 2009ലാണ് ആദ്യ റൺവേ റീ-സർഫസിംഗ് നടത്തിയത്. 3400 മീറ്റർ നീളവും 60 മീറ്റർ വീതിയുമാണ് റൺവേയ്ക്കുള്ളത്. വർഷങ്ങളുടെ ഉപയോഗത്തിൽ റൺവേയുടെ മിനുസം കൂടും. റൺവേയുടെ പ്രതലം പരുക്കനായി നിലനിർത്താനാണ് റീ-സർഫസിംഗ് നടത്തുന്നത്. റൺവേ, ടാക്‌സി ലിങ്കുകൾ എന്നിവയുൾപ്പെടെ മൊത്തം അഞ്ച് ലക്ഷം ചതുരശ്ര മീറ്ററാണ് പുതുക്കുക.

റൺവേയുടെ ലൈറ്റിംഗ് സംവിധാനം നിലവിലെ കാറ്റഗറി-1 വിഭാഗത്തിൽ നിന്ന് കാറ്റഗറി-3 വിഭാഗത്തിലേയ്ക്ക് ഉയർത്തുകയും ചെയ്യും.