കൊച്ചി: ശബരിമല യുവതീപ്രവേശനത്തിൽ കോടതി ഉത്തരവുകളുടെ സാങ്കേതികത്വമല്ല ജനഹിതമാണ് സർക്കാർ പരിഗണിക്കേണ്ടെതെന്ന് അഖില കേരള വിശ്വകർമ്മ മഹാസഭ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.ആർ ദേവദാസ് പറഞ്ഞു. സഭയുടെ എറണാകുളം ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായരുന്നു അദ്ദേഹം.

സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ച് അന്തിമവിധി പറയുന്നതു വരെ ആക്ടിവിസ്റ്റുകളെ ശബരിമലയിൽ പ്രവേശിപ്പിക്കരുത്. ഒരു വിശ്വകർമ്മ യുവതിയും ശബരിമല ചവിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

നവോത്ഥാന മൂല്യസംരക്ഷണസമിതി രൂപികരിച്ചത് ശബരിമലയിൽ സ്ത്രീകളെ കയറ്റാനല്ല. നവോത്ഥാനമെന്നത് ഭൗതികമായി മനുഷ്യന്റെ തുല്യത ഉറപ്പുവരുത്തലാണ്. അതിനാലാണ് നവോത്ഥാനമൂല്യ സംരക്ഷണസമിതിക്ക് സഭ പിന്തുണ നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് വി.എൻ ശശിധരൻ അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റ് അപ്സലൻ വാതുശേരി, സെക്രട്ടറിമാരായ പി.കെ. തമ്പി, കെ.ടി. ബാബു, മഹിളാസംഘം രക്ഷാധികാരി ശാരദ വിജയൻ, ജില്ലാ പ്രസിഡന്റ് കെ.ആർ. ശശി, സെക്രട്ടറി പി. മോഹനൻ, പി.എസ്. ഭാസ്‌കരൻ, ടി.എ. അരവിന്ദാക്ഷൻ, യുവജനസംഘം സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. സുനിൽകുമാർ എന്നിവർ സംസാരിച്ചു.