police
കെ.എസ്.ആർ.ടി.സി ബസ്സിൽ കുഴഞ്ഞു വീണയാളെ ആശുപത്രിയിലെത്തിക്കാൻ പൊലീസ് എടുത്തു കൊണ്ടു വരുന്നു

കോലഞ്ചേരി: കെ.എസ്.ആർ.ടി.സി ബസിൽ കുഴഞ്ഞു വീണയാളെ പുത്തൻകുരിശ് പൊലീസ് ആശുപത്രിയിലെത്തിച്ചു .മൂവാ​റ്റുപുഴ സ്വദേശി കൃഷ്ണൻ (68) ആണ് കുഴഞ്ഞു വീണത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. കോലഞ്ചേരിയിലേക്ക് ടിക്ക​റ്റ് എടുത്ത് ബസിൽ കയറിയ ഇദ്ദേഹം അവിടെ ഇറങ്ങിയില്ല. ഇറങ്ങാതെ യാത്ര തുടരുന്നത് ശ്രദ്ധയിൽ പെട്ട കണ്ടക്ടർ നോക്കുമ്പോൾ ഇരുന്ന സീ​റ്റിൽ ബോധരഹിതനായി കണ്ടതിനെ തുടർന്ന് ജീവനക്കാർ ബസ് പുത്തൻകുരിശ് സ്​റ്റേഷനു മുന്നിൽ എത്തിക്കുകയായിരുന്നു. ബസ് ജീവനക്കാർ അറിയിച്ചതനുസരിച്ച് പൊലീസ് ജീപ്പിൽ ഇദ്ദേഹത്തെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഇദ്ദേഹത്തിന്റെ മൊബൈലിൽ നിന്നും നമ്പറെടുത്ത് ബന്ധുക്കളെ പൊലീസ് വിവരമറിയിച്ചതനുസരിച്ച് അവരെത്തും വരെ പൊലീസ് ആശുപത്രിയിൽ രോഗിക്ക് കൂട്ടിരുന്നു .ബന്ധുക്കൾ വന്ന ശേഷമാണ് പൊലീസ് ആശുപത്രി വിട്ടത് . പ്രമേഹരോഗിയാണ് കൃഷ്ണൻ, യാത്രക്കിടെ ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതാണ് കുഴഞ്ഞു വീഴാനിടയായത്.