-manal-bund
ഇളന്തിക്കര – കോഴിത്തുരുത്ത് മണൽബണ്ട് നിർമ്മാണത്തിനായി കണക്കൻകടവിൽ കൊണ്ടുവന്ന ഡ്രഡ്ജർ.

പറവൂർ : പുത്തൻവേലിക്കര പഞ്ചായത്തിലെ ഇളന്തിക്കര – കോഴിത്തുരുത്ത് മണൽബണ്ട് നിർമിക്കുന്നതിനായി കണക്കൻകടവിൽ ഡ്രഡ്ജർ എത്തി. മേജർ ഇറിഗേഷൻ വകുപ്പ് എക്സിക്യുട്ടീവ് എൻജിനിയർ നാളെ സ്ഥലത്തെത്തി പരിശോധന നടത്തിയശേഷം ബണ്ട് നിർമാണം ആരംഭിക്കും. പെരിയാറിൽ നിന്ന് ചാലക്കുടിയാറിലേക്ക് ഓരുജലം കയറാതിരിക്കാനാണു ബണ്ട് നിർമിക്കുന്നത്.

മുൻ വർഷങ്ങളിൽ ബണ്ട് നിർമിച്ചിരുന്ന സ്ഥലത്തു ബണ്ട് നിർമാണത്തിന് ആവശ്യമായ മണൽ ലഭ്യമാണോയെന്നു സംശയമുണ്ട്. ചിലപ്പോൾ അൽപം നീക്കി കെട്ടിയേക്കും. എക്സിക്യുട്ടീവ് എൻജിനിയറുടെ പരിശോധനയ്ക്കുശേഷമേ ഇക്കാര്യത്തിൽ തീരുമാനമാകൂ.

# ചാലക്കടിയാറിൽ ഒാരുവെള്ളം കയറി

ഇതിനിടെ ചാലക്കുടിയാറിലേക്ക് ഓരുജലം കയറിയിട്ടുണ്ട്. വീടുകളിൽ ലഭിക്കുന്ന വെള്ളത്തിന് ചെറിയ ഉപ്പുരസമുണ്ട്. ഇന്നലെ രാവിലെ വെള്ളത്തിലെ ഉപ്പിന്റെ അംശം 500 പി.പി.എം ആയപ്പോൾ ഇളന്തിക്കരയിൽ നിന്നുള്ള കുടിവെള്ള പമ്പിംഗ് നിർത്തിവച്ചു. പിന്നീട് 200 പി.പി.എം ആയി താഴ്ന്നപ്പോഴാണ് പുനരാരംഭിച്ചത്. ഷട്ടറുകൾക്കു ചോർച്ചയുള്ളതിനാൽ ബണ്ട് നിർമാണം വേഗത്തിലാക്കിയില്ലെങ്കിൽ ചാലക്കുടിയാറിലെ ജലത്തിൽ ഉപ്പിന്റെ അംശം വർധിക്കും.ഇവിടെ ഒരു ഷട്ടർ താഴ്ത്താൻ സാധിക്കാത്തത് പ്രതിസന്ധി ഇരട്ടിയാക്കുന്നു. ഉപ്പുകയറിയാൽ പുത്തൻവേലിക്കര, കുന്നുകര, പാറക്കടവ്, കുഴൂർ, പൊയ്യ, അന്നമനട എന്നീ പഞ്ചായത്തുകളിലെ ജനങ്ങൾക്ക് കുടിവെള്ളം മുട്ടും. ഈ പ്രദേശത്തെ ആയിരക്കണക്കിന് ഏക്കർ പ്രദേശത്ത് കാർഷികനാശവുമുണ്ടാകും.

# കണക്കൻകടവ് റഗുലേറ്റർ കം ബ്രിഡ്ജിലെ ഷട്ടറുകളുടെ ചോർച്ച വില്ലൻ

നിർമാണം ആരംഭിച്ചാലും മണൽബണ്ട് കെട്ടിത്തീരാൻ രണ്ടാഴ്ചയോളം വേണ്ടിവരും. കണക്കൻകടവ് റഗുലേറ്റർ കം ബ്രിഡ്ജിലെ ഷട്ടറുകളുടെ ചോർച്ച കാരണമാണ് വർഷംതോറും ലക്ഷങ്ങൾ ചെലവാക്കി മണൽബണ്ട് നിർമിക്കേണ്ടിവരുന്നത്. കഴിഞ്ഞ തവണ 22 ലക്ഷം രൂപ ചെലവായി. ഇത്തവണ അതിൽകൂടുതൽ വന്നേക്കും. റഗുലേറ്റർ കം ബ്രിജ് ഉപയോഗ പ്രദമായിരുന്നെങ്കിൽ ബണ്ട് നിർമാണം ഒഴിവാക്കാമായിരുന്നു. നിരവധി തവണ അറ്റകുറ്റപ്പണി നടത്തിയെങ്കിലും ചോർച്ച പരിഹരിക്കാൻ സാധിച്ചിട്ടില്ല.