കൊച്ചി : ശബരിമലയിൽ ദർശനത്തിനെത്തുന്ന ഭക്തരുടെ ചെറുവാഹനങ്ങൾ പമ്പയിലേക്ക് കടത്തിവിടാൻ കഴിയില്ലെന്ന് പൊലീസ് ഹൈക്കോടതിയിൽ. എന്നാൽ ഇക്കാര്യം സർക്കാർ പറയട്ടേയെന്ന് വ്യക്തമാക്കിയ ഹൈക്കോടതി ഹർജി ഇന്ന് വീണ്ടും പരിഗണിക്കാൻ മാറ്റി. ഭക്തരുടെ കാറുകൾ ഉൾപ്പെടെയുള്ള ചെറു വാഹനങ്ങൾ പമ്പയിലേക്ക് കടത്തി വിടണമെന്നാവശ്യപ്പെട്ട് റിട്ട. ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേറ്റീവ് ഒാഫീസർ പി. പ്രസന്നകുമാർ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
പ്രളയത്തെത്തുടർന്ന് പമ്പ, ഹിൽടോപ്പ് തുടങ്ങി മുമ്പ് പാർക്കിംഗ് അനുവദിച്ച മേഖലകൾ തകർന്ന നിലയിലാണെന്നും ഇവിടെ പാർക്കിംഗ് അനുവദിക്കാൻ കഴിയില്ലെന്നും പത്തനംതിട്ട ജില്ലാ പൊലീസ് സൂപ്രണ്ട് ഹൈക്കോടതിയിൽ സ്റ്റേറ്റ്മെന്റ് നൽകി. എന്നാൽ ഭക്തർക്ക് ബുദ്ധിമുട്ടില്ലാത്ത വിധത്തിൽ ചെറുവാഹനങ്ങൾ അനുവദിച്ചു കൂടേയെന്ന് ഹൈക്കോടതി വാക്കാൽ ചോദിച്ചു. ഭക്തരെ പരമാവധി സഹായിക്കുന്ന നിലപാടല്ലേ വേണ്ടത്? 2017 വരെ അനുവദിച്ച സൗകര്യങ്ങൾ നൽകിക്കൂടേ ? ക്രമസമാധാന പ്രശ്നം എന്തെങ്കിലുമുണ്ടായാൽ പൊലീസിന് കോടതിയെ സമീപിക്കാമല്ലോ? ശബരിമലയിലേക്ക് ഭക്തർ ഒഴുകുകയാണ് വേണ്ടതെന്നും ദേവസ്വം ബെഞ്ച് വാക്കാൽ പറഞ്ഞു. ജില്ലാ പൊലീസ് സൂപ്രണ്ട് നൽകിയ സ്റ്റേറ്റ്മെന്റ് ഇപ്പോൾ പരിഗണിക്കുന്നില്ലെന്നും സർക്കാർ നിലപാട് വ്യക്തമാക്കട്ടേയെന്നും വ്യക്തമാക്കി.
എസ്.പിയുടെ സ്റ്റേറ്റ്മെന്റിൽ നിന്ന് :
പമ്പയിലും ഹിൽടോപ്പിലും പാർക്കിംഗ് സുരക്ഷിതമല്ല
പ്രളയത്തെത്തുടർന്ന് ഇൗ മേഖലയിൽ മണ്ണിടിച്ചിലുണ്ടായി
ഇനിയും മണ്ണിടിച്ചിൽ ഉണ്ടാകാം. സ്ഥിതി മെച്ചപ്പെട്ടിട്ടില്ല
പമ്പയിലെ പാർക്കിംഗ് എന്തുവിലകൊടുത്തും അനുവദിക്കാനാവില്ല
കെ.എസ്.ആർ.ടി.സി നിലയ്ക്കലിൽ നിന്ന് സർവീസ് നടത്തുന്നുണ്ട്
നിലയ്ക്കൽ - പമ്പ റൂട്ടിലെ വാഹന നിയന്ത്രണം പൊലീസിനു വിട്ടുനൽകണം
പമ്പയിലേക്ക് വാഹനങ്ങൾ അനുവദിക്കുന്നത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കും
വാഹനങ്ങളുടെ കണക്ക് (2018 -19 മണ്ഡല മകര വിളക്ക് സീസൺ)
ചെറു വാഹനങ്ങൾ - 1.3 ലക്ഷം
ഇടത്തരം വാഹനങ്ങൾ - 80,000
ഹെവി വാഹനങ്ങൾ - 76,000