പെരുമ്പാവൂർ: മുഹമ്മദ് നബി (സ)യുടെ ജന്മദിനത്തോടനുബന്ധിച്ച് പെരുമ്പാവൂരിൽ ഈ മാസം 20 ,21 ,22 തീയതികളിൽ മഹബ്ബത്ത് റസൂൽ സംഗമവും മദ്ഹുറസൂൽ പ്രഭാഷണവും വിവിധ പരിപാടികളോട് കൂടി നടത്തുമെന്ന് സ്വാഗതസംഘം ചെയർമാൻ ഹാജി ടി എച്ച് മുസ്തഫ വാർത്ത സമ്മേളനത്തിൽ അറിയിച്ചു..മുഹമ്മദ് നബി (സ) മാനവികതയുടെ പ്രവാചകൻ ' എന്ന പ്രമേയത്തിലാണ് മഹബ്ബത്ത് റസൂൽ സംഗമം നടക്കുന്നത്. കുന്നത്തുനാട് താലൂക്കിലെ മുഴുവൻ മഹല്ല് ജമായത്തുകളുടെയും, മുസ്ലിം സംഘടനകളുടെയും, മദ്രസകളുടെയും, ദറസുകളുടെയും, അറബി കോളേജുകളുടെയും സംയുക്താഭിമുഖ്യത്തിലാണ് നബിദിനാഘോഷ പരിപാടികൾ നടക്കുന്നത്. ഇതോടനുബന്ധിച്ച് മതസൗഹാർദ സമ്മേളനം, മതപ്രഭാഷണം, ഷറഫുൽ അനാം മൗലിദ്, ദുആ സമ്മേളനം, സമാപന സമ്മേളനം, കൂട്ടപ്രാർത്ഥന, തബറുക്ക് വിതരണം എന്നിവ ഉണ്ടായിരിക്കും .
20ന് രാവിലെ എട്ടുമണിക്ക് മുടിക്കൽ മാടവന അബൂബക്കർ മുസ്ലിയാരുടെയും, കണിയാപുരം അബ്ദു റസാഖ് വലിയുല്ലാഹി യുടെയും മഖാം സിയാറത്തോടു കൂടി പരിപാടികൾക്ക് തുടക്കമാകും. തുടർന്ന് രാവിലെ 9 മണിക്ക് പെരുമ്പാവൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ (മാടവന വലിയുള്ളാഹി നഗർ) ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ എം. പി. അബ്ദുൽ ഖാദർ പതാക ഉയർത്തും. വൈകിട്ട് 6.30 ന് മതസൗഹാർദ സമ്മേളനം നടക്കും.സമ്മേളനം കേരള ഹൈക്കോടതി സീനിയർ ജഡ്ജ് ജസ്റ്റിസ് സി. കെ. അബ്ദുൽ റഹീം ഉദ്ഘാടനം ചെയ്യും. കണ്ടന്തറ മുസ്ലിം ജമാഅത്ത് ചീഫ് ഇമാംഅബു മാലിക്കി ത്വാഹാ മഹ്‌ളരി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും.മുടിക്കൽ ജമാ അത്ത് ചീഫ് ഇമാം സി. എ. മൂസ മൗലവി ആമുഖ പ്രഭാഷണം നടത്തും.