കൊച്ചി: ശുദ്ധജല വിതരണത്തിനൊപ്പം മലിനജലനിർമാർജനത്തിനും പ്രാധാന്യം നൽകി സമഗ്രജലനയം രൂപീകരിക്കണമെന്ന് അസോസിയേഷൻ ഒഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് സമ്മേളനത്തോടനുബന്ധിച്ച് നടന്ന സെമിനാറിൽ ആവശ്യം ഉയർന്നു. മഴവെള്ള റീച്ചാർജ് കൊച്ചിയുടെ കിഴക്കൻ മേഖലകളിൽ മാത്രമാണ് പ്രായോഗികം.പടിഞ്ഞാറൻ മേഖലയിൽ ഓരുവെള്ളക്കയറ്റം രൂക്ഷമാകുന്നതായും ജി. ഓഡിറ്റോറിയത്തിൽ നടന്ന 'കൊച്ചി ജലസുരക്ഷിതമാണോ' എന്ന സെമിനാർ വിലയിരുത്തി. കോർപ്പറേഷനിലെ 28 ഡിവിഷനുകളിൽ ജലക്ഷാമമുണ്ട്. 2025 ഓടെ ഇത് 32 ഡിവിഷനുകളിലേക്ക് വ്യാപിക്കുമെന്ന് എസ്.സി.എം.എസ് വാട്ടർ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.സണ്ണിജോർജ് പറഞ്ഞു. കൊച്ചി സർക്കിൾ സൂപ്രണ്ടിംഗ് എൻജിനിയർ പ്രീതിമോൾ സെമിനാർ ഉദ്‌ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്റ് ഷൈജു.പി.തടത്തിൽ അദ്ധ്യക്ഷനായിരുന്നു.അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.സുരേഷ്, ജില്ലാ സെക്രട്ടറി പ്രകാശ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.