കോലഞ്ചേരി:കുട്ടികർഷകർ പൊന്നു വിളയിച്ചു. കണ്യാട്ടുനിരപ്പ് ഗവ. ജൂനിയർ ബേസിക് സ്‌കൂളിലെ കുട്ടികളാണ് സ്‌കൂൾ വളപ്പിലെ കരനെൽ കൃഷിയിൽ നൂറ്‌മേനി വിളയിച്ചത്. വിളവെടുപ്പിന് സാക്ഷികളായി രക്ഷകർത്താക്കളും നാട്ടുകാരും എത്തിയിരുന്നു. ഇരുപത് സെന്റ് സ്ഥലത്തെ കരനെൽ കൃഷി കുട്ടികൾക്കും നാട്ടുകാർക്കും വേറിട്ട അനുഭവമായിരുന്നു. പാഠഭാഗവുമായി ബന്ധിപ്പിച്ച് കുട്ടികളിൽ കാർഷിക സംസ്‌കാരം വളർത്തിയെടുക്കുന്നത് ലക്ഷ്യമിട്ടാണ് കൃഷിയിറക്കിയത്. കുട്ടികൾ പരമ്പരാഗത കൊയ്ത്തു വേഷത്തിലെത്തിയാണ് നെല്ല് കൊയ്‌തെടുത്തത്. ഇവർ തന്നെ ചുമട് മെതി എന്നിവയും നടത്തി. 120 ദിവസം കൊണ്ട് മൂപ്പെത്തുന്ന പ്രത്യാശ വിത്താണ് ഉപയോഗിച്ചത്. കൊയ്ത്തുത്സവം തിരുവാണിയൂർ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ സി പൗലോസ് നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഐ.വി ഷാജി അദ്ധ്യക്ഷനായി. റെജി ഇല്ലിക്കപ്പറമ്പിൽ, റെജി പി .യോഹന്നാൻ, വി. പി സുധീശൻ, എം. പി തമ്പി, വി.പി സുബോദ് എന്നിവർ സംസാരിച്ചു