പെരുമ്പാവൂർ: മനുഷ്യനെ പൂർണമായി സംസ്‌കരിക്കുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നും അതിനെ പ്രബുദ്ധത എന്ന വാക്കിൽ ഗുരുദേവൻ ഉൾച്ചേർത്തിരിക്കുന്നുവെന്നും ശിവഗിരി മഠത്തിലെ സ്വാമി ഗുരുപ്രകാശ അഭിപ്രായപ്പെട്ടു. ഒക്കൽ ഗുരുധർമ്മ പ്രചരണസഭ സംഘടിപ്പിച്ച ഗുരുപഥം ദാർശനിക പ്രഭാഷണ പരമ്പരയിൽ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്നത്തെ വിദ്യാഭ്യസത്തിന്റെ പ്രധാന ന്യൂനത ധർമ്മബോധം ഇല്ലായ്മയാണ്. ധർമ്മബോധമുളള തലമുറയെ സൃഷ്ടിക്കുന്നതിന് ആദ്ധ്യാത്മിക ശിക്ഷണം അനിവാര്യമാണ്. എല്ലാത്തിലും നിറഞ്ഞിരിക്കുന്ന പരമാത്മാചൈതന്യത്തെ അറിയുകയാണ് ശരിയായ അറിവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഒക്കൽ എസ്.എൻ.ഡി.പി ഹാളിൽ ചേർന്ന യോഗത്തിൽ ശാഖാ പ്രസിഡന്റ് എം.പി സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. കുന്നത്തുനാട് എസ്.എൻ.ഡി.പി യൂണിയൻ ചെയർമാൻ കെ.കെ കർണ്ണൻ ഉദ്ഘാടനം ചെയ്തു. ഗുരുധർമ്മ പ്രചരണസഭ കേന്ദ്രസമിതി അംഗം അഡ്വ. പി.എം മധു, സ്‌കൂൾ മാനേജർ ടി.ടി സാബു, ശ്രീനാരായണ ഹൈയർസെക്കന്ററി സ്‌കൂൾ ഹെഡ്മിസ്ട്രസ് സി. അജിത കുമാരി, ജനറൽ കൺവീനർ എം.പി ജയപ്രകാശ്, ഗുരുധർമ്മ പ്രചരണ സഭ പ്രസിഡന്റ് ഇ.വി വിലാസിനി ടീച്ചർ എന്നിവർ പ്രസംഗിച്ചു.