കൊച്ചി: സ്വകാര്യബസിൽ നിന്ന്‌ കണ്ടക്‌ടർ തള്ളിയിട്ട പ്ലസ്‌ ടു വിദ്യാർത്ഥിനി ഇടുപ്പെല്ലിന്‌ ക്ഷതമേറ്റ്‌ ചികിത്സയിൽ. തൃക്കാക്കര കാർഡിനൽ ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ്‌ടു വിദ്യാർത്ഥിനി ഫാത്തിമ ഫർഹാനയ്‌ക്കാണ്‌ പരിക്കേറ്റത്‌. ജഡ്‌ജിമുക്ക്‌ സ്‌റ്റോപ്പിൽ നിന്ന്‌ എസ്‌.എം.എസ്‌ എന്ന ബസിൽ കയറാൻ ശ്രമിക്കവെയാണ്‌ കണ്ടക്‌ടർ തളളിയിട്ടത്‌. പെൺകുട്ടിയുടെ രക്ഷിതാക്കളും സ്‌കൂൾ അധികൃതരും നൽകിയ പരാതിയിൽ തൃക്കാക്കര പൊലീസ്‌ ബസ്‌ ജീവനക്കാർക്കെതിരെ കേസെടുത്തു. ബസ്‌ പിടിച്ചെക്കുമെന്നും ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയിൽ നിന്ന്‌ മൊഴിയെടുക്കുമെന്നും പൊലീസ്‌ അറിയിച്ചു. സ്വകാര്യബസുകൾ ഇൗ സ്‌റ്റോപ്പിൽ നിന്ന്‌ വിദ്യാർത്ഥികളെ കയറ്റാതെ പോകുന്നത്‌ പതിവാണെന്നും സംഭവത്തെക്കുറിച്ച്‌ കളക്‌ടർക്കും പരാതി നൽകിയെന്നും സ്‌കൂൾ അധികൃതർ പറഞ്ഞു.
വെള്ളിയാഴ്‌ച വൈകീട്ട്‌ അഞ്ചിന്‌ ശേഷം ക്ലാസ്‌ കഴിഞ്ഞ്‌ വിദ്യാർത്ഥിനികൾ ജഡ്‌ജിമുക്ക്‌ സ്‌റ്റോപ്പിൽ നിന്ന്‌ ബസിൽ കയറാൻ ശ്രമിക്കുമ്പോൾ കണ്ടക്‌ടർ പെൺകുട്ടികളെ തള്ളിപ്പുറത്തിടുകയായിരുന്നു. ഫാത്തിമ റോഡിൽ വീണു കിടക്കുമ്പോൾ ബസ്‌ ഓടിച്ച്‌ പോകുകയും ചെയ്‌തു. തുടർന്ന്‌ നാട്ടുകാർ ബസ്‌ തടഞ്ഞിട്ടു. പെൺകുട്ടിയെ മെഡിക്കൽട്രസ്‌റ്റ്‌ ആശുപത്രിയിലാക്കി. ഇടുപ്പെല്ലിന്‌ ക്ഷതമേറ്റതിനെ തുടർന്ന്‌ പെൺകുട്ടിക്ക്‌ ഡോക്‌ടർമാർ ഒരുമാസത്തെ വിശ്രമം നിർദ്ദേശിച്ചിരിക്കുകയാണ്‌.