കൊച്ചി: നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാനുള്ള നടപടികൾ മാർച്ച് 31 നകം പൂർത്തിയാക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. നഗരത്തിലെ കനാൽ ശുചീകരണത്തിനും വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാനും സ്വീകരിക്കുന്ന നടപടികൾ സസൂക്ഷ്മം നിരീക്ഷിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. പേരണ്ടൂർ കനാലിലെ നീരൊഴുക്ക് പുനസ്ഥാപിച്ച് വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഗാന്ധിനഗർ സ്വദേശികളായ ബി. വിജയകുമാർ, കെ.ജെ. ട്രീസ എന്നിവർ നൽകിയ ഹർജിയിലാണ് സർക്കാരിനു വേണ്ടി അഡ്വക്കേറ്റ് ജനറൽ ഹാജരായി സിംഗിൾബെഞ്ചിൽ ഇക്കാര്യം അറിയിച്ചത്.
സർക്കാരിനു വേണ്ടി അഡ്വക്കേറ്റ് ജനറൽ അറിയിച്ചത്
ഓപറേഷൻ ബ്രേക്ക് ത്രൂവിന്റെ മാസ്റ്റർ പ്ളാൻ ഡിസം. 16 നകം തയ്യാറാക്കും
ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നത തലയോഗം ഇക്കാര്യം തീരുമാനിച്ചു
വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കുന്നത് ജില്ലാ ദുരന്ത നിവാരണ അതോറിട്ടിയുടെ നേതൃത്വത്തിൽ
മൈനർ ഇറിഗേഷൻ എക്സി. എൻജിനീയർ അദ്ധ്യക്ഷനായി സാങ്കേതിക സമിതിക്ക് രൂപം നൽകും
വിവിധ വകുപ്പുകളിലെ എക്സി. എൻജിനീയർമാർ സമിതിയിൽ അംഗങ്ങളായിരിക്കും
പ്രവർത്തന മികവ് കൊച്ചി മെട്രോ വിലയിരുത്തും
ജില്ല ദുരന്ത നിവാരണ അതോറിട്ടി പ്രത്യേക സെല്ലുണ്ടാക്കും
മുല്ലശേരി, പേരണ്ടൂർ, മാർക്കറ്റ്, ഇടപ്പള്ളി, ചെലവന്നൂർ കനാലുകൾ ശുചീകരിക്കും
ജനുവരി ഒന്നു മുതൽ 90 ദിവസം അധികൃതർ അതോറിട്ടിയുടെ നിർദ്ദേശങ്ങൾ പാലിക്കണം
ഹൈക്കോടതി നിർദ്ദേശിച്ച എല്ലാ സമിതികൾക്കും രൂപം നൽകി
നിരീക്ഷിക്കാനും ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകാനും കളക്ടറെ ചുമതലപ്പെടുത്തി
ഹൈക്കോടതി പറഞ്ഞത്
ഉന്നത തല സമിതിയും നഗരസഭയും യുദ്ധകാലാടിസ്ഥാനത്തിൽ നടപടിയെടുക്കണം
ഉന്നത തല സമിതിക്ക് പ്രവർത്തന സ്വാതന്ത്ര്യമുണ്ടാകണം
മലിനീകരണം തുർടന്നാൽ നഗരത്തിലെ ജീവിതം ദുസഹമാകും
അഴുക്കുചാലുകൾ, റെയിൽവെ ഭൂമി തുടങ്ങിയവയുടെ കാര്യത്തിൽ വ്യക്തത വേണം
ഉന്നത തല സമിതിയും നഗരസഭയും സമയാസമയങ്ങളിൽ റിപ്പോർട്ട് നൽകണം