കൊച്ചി : തെരുവു കച്ചവടക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള നിയമപ്രകാരം ആനുകൂല്യം നൽകുന്നതിനായി 2000 കച്ചവടക്കാരെ കണ്ടെത്തിയിട്ടുണ്ടെന്ന് കൊച്ചി നഗരസഭ ഹൈക്കോടതിയിൽ അറിയിച്ചു. ഹൈക്കോടതിയുടെ നിർദ്ദേശാനുസരണം നവംബർ 15 നു യോഗം ചേർന്ന ടൗൺ വെൻഡിംഗ് കമ്മിറ്റിയാണ് പട്ടിക തയ്യാറാക്കിയതെന്നും ഇതു പൊലീസ് ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളുടെ അനുമതി തേടി സമർപ്പിച്ചിരിക്കുകയാണെന്നും നഗരസഭ അറിയിച്ചു. തെരുവു കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനെ ചോദ്യം ചെയ്ത് പനമ്പിള്ളി നഗറിലെ തെരുവു കച്ചവടക്കാരനായ എ. രവി ഉൾപ്പെടെ 12 പേർ നൽകിയ ഹർജിയിലാണ് നഗരസഭ ഇക്കാര്യം അറിയിച്ചത്. ഹർജി നവംബർ 26 ന് വീണ്ടും പരിഗണിക്കും. തെരുവു കച്ചവടക്കാരെ ഒഴിപ്പിക്കരുതെന്നും പുതിയ കച്ചവടക്കാരെ അനുവദിക്കരുതെന്നുമുള്ള മുൻ ഉത്തരവ് അതുവരെ ഹൈക്കോടതി നീട്ടിയിട്ടുമുണ്ട്.